Friday, 9 June 2017

ഗവി യാത്രയും..... മരത്തിൽ വിരിഞ്ഞ സുന്ദരചിത്രവും

ഗവി യാത്രയും..... മരത്തിൽ വിരിഞ്ഞ സുന്ദരചിത്രവും


ഒരു നല്ല നടപ്പിനിടയിൽ നല്ല പ്രകൃതിയുള്ള, പ്രിയ സുഹൃത്തിന്റെ കലയും, പ്രകൃതിയും ചേർന്ന് ഒരുക്കിയ, ഒരു സുന്ദര ചിത്രം.”

മനസ്സിൽ കലഹത്തിന്റെ അലകളുമായി, പ്രകൃതിയോട് ഇണങാൻ മടി കാണിച്ചു നടന്ന ഞങളുടെ നിരാശയുടെ മറ നീക്കി നല്ല നടപ്പിനു ഉൽപ്രേരകമായ ചിത്രം”.

നേരിൽ കാണേണ്ടിയിരുന്ന കാഴചയുടെ നേർ പകർപ്പാണീ ചിത്രം”. 

പാതയോരത്ത് അടർന്നു വീണു കിടന്ന കരിങ്കൽ ചീളുകൊണ്ട് പ്രകൃതിയിൽ ഒരുക്കിയ സുന്ദര ചിത്രം.”

  ഇനിയുമുണ്ട് വിശേഷണങൾ...... വഴിയേ ആകാം. ഒരുപാട് ആഗ്രഹിച്ച് ഒരുങി ഗവിയിലൂടെ നടത്തിയ ഒരു മഴയാത്രക്ക് തടസ്സം നിന്ന മർക്കട മുഷ്ടിയോട് തോറ്റു മടങുമ്പോൾ, അടുത്ത ലക്ഷ്യം പൂജ്യത്തിനോട് അടുത്ത അന്തരീക്ഷ താപത്തിൽ, മരം കോച്ചുന്ന തണുപ്പിൽ, കോട മഞ്ഞിറങിയ കൊടും കാട്ടിലൂടെ ഉള്ള 8-9 കിലോ മീറ്റർ നീളുന്ന നല്ല നടപ്പായിരുന്നു. തണുത്ത് വിറങലിച്ച്, നിരാശ പൂണ്ട്, ചലനമറ്റ് നിന്ന 6 മനുഷ്യ ശരീരങൾക്ക് നല്ല നടപ്പിനുള്ള ഊർജ്ജം പകർന്നു കിട്ടിയത് മേൽ പറഞ്ഞ മർക്കടന്റെ ദാർഷ്ട്യത്തിൽ നിന്നായിരുന്നു

   തലേ ദിവസം രാത്രി 10:30 ന് തൃപ്പൂണിത്തുറയിൽ നിന്നും ബസ്സിൽ കോട്ടയത്ത് എത്തി, 1:30AM നുള്ള സംസ്ഥാന വാഹനത്തിൽ 5 ന് മുൻപേ കുമളിയിലെത്തി, ശരീരശുദ്ധി വരുത്തി, ചായയും ചെറുകടിയും മാത്രം കഴിച്ച്, 5:30AM ന് ഗവി വഴി പത്തനംതിട്ടയിലേക്കുള്ള KSRTC യുടെ മുൻപിലുള്ള സീറ്റുകൾ നേടി, 6:15AM ന് വള്ളക്കടവു ചെക്ക് പോസ്റ്റിലെത്തി, അവിടെ ഉള്ളവരുടെ തുറിച്ചു നോട്ടവും കണ്ട്, 7:00 ന് മുൻപ് ഗവിയിലിറങ്ങിയ ഞങ്ങളോട് KFDC (Kerala Forest Development Corparation) മേലാളന്മാർക്ക് പുച്ഛം, അവഗണന. ബസ്സിറങ്ങി ഗവിയിലെ ഏക ചായ കടയിലേക്ക് നടക്കുമ്പോൾ ഒരു പാവം ക്രൂരൻ വന്നു പറഞ്ഞു... സാറു വിളിക്കുന്നു. സാറിനെ കാണാൻ ഓഫീസിലേക്ക്. ബസ്സിറങ്ങുമ്പോൾ KFDC ഓഫീസിന്റെ വരാന്തയിൽ കണ്ട സാറിനെത്തന്നെ ആയിരിക്കും കാണാൻ പോകുന്നതെന്ന് മനസ്സിലായി. കടുത്ത ദേഷ്യത്തോടെയുള്ള സാറിന്റെ ചോദ്യങ്ങൾ... എന്തിനിവിടെ വന്നു, എങ്ങിനെ വന്നു, എപ്പോൾ വന്നു. എല്ലാം അറിയാമെങ്കിലും കോപം സാറിന്റെ അജ്ഞത കൂട്ടി. ഉത്തരങ്ങൾക്കു മുൻപേ പൊക്കോണം ഇവിടെന്ന് എന്ന ഗർജ്ജനവും. ഉത്തരം മുട്ടിയ ഞങ്ങൾ കാരണം അന്വേഷിച്ചു. കാര്യം നിസ്സാരം... നിനക്കൊന്നും തെണ്ടി നടക്കാനുള്ള സ്ഥലമല്ല ഗവി. ഗവിയിൽ എല്ലാവിധ യാത്രാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ചിട്ടുള്ള എനിക്ക് സാറിന്റെ ആക്രോശത്തിന്റെ കാരണം ബോധിപ്പിക്കാതെ അവിടെ നിന്നും മടങ്ങാൻ മനസ്സ് അനുവദിച്ചില്ല. ഒരാൾക്ക് 1800/- രൂപാ നിരക്കിൽ ഗവി പാക്കേജ് നടത്തുമ്പോൾ സംസ്ഥാന വാഹനത്തിൽ വന്ന് ഇറങുന്നവരോട് പുച്ഛം സ്വാഭാവികം. ഗവി പാക്കേജിനായി വരുന്ന ടൂറിസ്റ്റുകൾ, തലേ ദിവസം താമസിക്കുന്ന ഹോട്ടലിന്റെ കമ്മീഷനും, ഗവിയിലേക്കുള്ള ജീപ്പു യാത്രയുടെ പങ്കും ഒന്നും ലഭിക്കാത്ത, ഞങളുടെ യാത്രയെ എന്തിനു മാനിക്കണം. കാര്യ കാരണങ്ങൾ പരസ്പരം പറഞ്ഞ് അറിഞ്ഞപ്പോൾ സാറിന്റെ ദേഷ്യം ഇരട്ടിച്ചു. സാറിന്റെ പുതിയ ഓർഡർ വന്നു... വന്നിറങ്ങിയ ബസ് സ്റ്റോപ്പിൽ പൊയി ഇരുന്നോളണം, 10:30 നു വരുന്ന കുമളി ബസ്സിൽ കയറി സ്ഥലം വിട്ടോളണം. മൂന്നര മണീക്കൂർ തടവു ശിക്ഷ ഒഴിവാക്കണം എങ്കിൽ, 1000 രൂപക്ക് ജീപ്പു പിടിച്ചു തരാം വള്ളക്കടവു വരെ. 1000/-ത്തിന്റെ കമ്മീഷൻ മുന്നിൽ കണ്ട് സാറു വെച്ചു നീട്ടിയ പാക്കേജ് ഞങ്ങൾ സ്വീകരിച്ചില്ല. വണ്ടിപ്പെരിയാർ, വള്ളക്കടവ്, ഗവി, കൊച്ചുപമ്പ, ശബരിഗിരി, കക്കി, അങ്ങാമുഴി പാത PWD റോഡാണ് എന്നുള്ള അറിവും, അതു പകർന്നു തന്ന ആളിനെയും വിസ്തരിച്ചപ്പോൾ സാർ ഒന്നയഞ്ഞു. ഞങ്ങൾ നടക്കുകയാണ്, ബസ്സു കാണുമ്പോൾ കയറാം, ബസ്സു വന്നില്ലെങ്കിലും 10:30 നു മുൻപ് വള്ളക്കടവ് എത്താം. ഇതിന് എതിരേ സാറിന്റെ വക ഒരു ഭീഷിണിയും, റോഡിൽ നിന്നും ഇറങിയാൽ ഞാൻ കാലുവെട്ടും, “കാട് PWD വകുപ്പിന്റെയല്ല”. ഭീഷിണിയിലെ സപ്തസ്വരങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു. റോഡിൽ നിന്നും മാറി നടന്നാൽ ഞങ്ങൾ തന്നെ കാലു വെട്ടിത്തരാം എന്നു പറഞ്ഞു, സാറിന്റെ അതേ പുച്ചത്തോടെ ഞങ്ങൾ തിരിഞ്ഞു നടന്നു. ഗവിയിലെ ചായക്കടയും ഞങ്ങൾ ഉപേക്ഷിച്ചു. അവിടത്തെ ഭക്ഷണത്തിൽ സാറു പോയി വിഷം ചേർക്കാൻ സാധ്യതയുണ്ടെന്ന് കൂട്ടത്തിൽ ഒരാളുടെ ഫലിതം. ഗവിയിലെ കേരള വനം വികസന കോർപ്പറേഷൻ ഓഫീസിനു ( KFDC ) മുന്നിൽ നിന്നും തുടങിയ നടപ്പ് പത്ത് മിനിട്ടു കഴിഞ്ഞിട്ടും പ്രകൃതിയോട് ഇണങാൻ കഴിയുന്നുണ്ടായിരുന്നില്ല.

   
ഗവിയിലെ KFDCയുടെ കോട മഞ്ഞു മൂടിയ പൂന്തോട്ടങളും, ഗവി ഡാമിനു മുകളിൽ നിന്നും, മഞ്ഞ് ഒഴിഞ്ഞു നിന്ന, ഇരുണ്ട ജലാശയത്തിലെ കാഴ്ച്ചകളും, ശരീരത്തിൽ പതിക്കുമ്പോൾ പേശികൾ വിറപ്പിക്കാൻ പാകത്തിൽ തണുത്ത ചാറ്റൽ മഴയും, കലഹം കഴിഞ്ഞ് കനം വെച്ച ഞങളുടെ ഹൃദത്തിലെ മഞ്ഞുരുക്കത്തിന് ആക്കം കൂട്ടി. ഡാമിനു മുകളിലൂടെ നടക്കുമ്പോൾ കാറ്റിനു ശക്തി കൂടി വന്നു. നടപ്പിന്റെ താളം തെറ്റിക്കാൻ പോലും ശക്തിയിൽ, മരംകോച്ചുന്ന തണുപ്പിൽ വീശിയടിക്കുന്ന കാറ്റ്, രോമ കുപ്പായങളുടെ മറയില്ലാത്ത ഞങളുടെ വസ്ത്രങളും ശരീരവും തുളച്ചു കയറി പോകുന്നതു പോലെ തോന്നി. ഓരോ ശരീര കണങളും ശുദ്ധീകരിച്ചു കടന്നു പോകുന്നതു പോലെ. റിസർവോയറിനോട് ചേർന്ന് ജലാശയം മുട്ടി നിൽക്കുന്ന അടവിയുടെ വിതാനങളിലെ നിറഭേദങൾ മഞ്ഞിൽ ലയിച്ച്, നിശ്ചലമായ ജലാശയത്തിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

     
ഡാം നടന്നു പിന്നിടുമ്പോൾ ഇടതു വശത്തേക്ക് തുറന്ന കാഴ്ച്ചകളാണ്. പച്ച പുതച്ച മൊട്ടക്കുന്നുകൾക്കും, ദൂരെ ചക്രവാളത്തിലെ കറുത്ത് ഇരുണ്ട മഴ മേഘങൾ കുട വിരിച്ച, നീല മല നിരകൾക്കും, നടുവിലായി വലിയ പഞ്ഞി കെട്ടുകൾ പോലെ കോട മഞ്ഞു മൂടിയ താഴ്വര. മൊട്ടക്കുന്നുകൾക്ക് പച്ചപ്പിന്റെ നിറഭേദങൾ. ഇളം പച്ച നിറത്തിൽ പുൽ മേടുകൾ. കടും പച്ച നിറത്തിൽ മലയിടുക്കുകളിൽ കാറ്റിനോട് മത്സരിച്ചു ചാഞ്ഞു നിൽക്കുന്ന ചെറു ചെടികളും, മരങളും ചെറു കൂട്ടമായി വളരുന്നു. പുൽ മേടുകൾ കൊണ്ട് ആവരണം തീർത്ത മൊട്ട കുന്നുകളുടെ മല ഇടുക്കുകളിൽ എല്ലാം ഇത്തരം കടും പച്ചപ്പിന്റെ തുരുത്തുകൾ കാണാം. ഇത്തിരി കുഞ്ഞന്മാരായ മരങളും, അടിവേരിന്ന് ഉറപ്പുള്ള ധൈര്യശാലികളായ ചിലരും, ഇതേ നിറത്തിൽ, ഒന്നു ചാഞ്ഞ് കാറ്റിൽ ഇളകിയാടുന്നത് ആങിങായി കാണാം. മലഞ്ചെരിവിൽ നിന്നും ഉയർന്നു നിൽക്കുന്ന പടുകൂറ്റൻ ഒറ്റയാൻ മരങളുമുണ്ട് ചിലയിടങളിൽ. ഇക്കൂട്ടരോടൊക്കെ മത്സരിക്കാൻ കാറ്റിന് ഉത്സാഹമാണ്. തനിക്ക് ശബ്ദം നൽകുന്നത് ഇവരാണല്ലോ..... കാറ്റിനു ഗാംഭീര്യം കൂട്ടാൻ ശബ്ദം കൂടിയേ തീരൂ. മാരുതൻ ഇടക്കൊക്കെ തന്റെ ശക്തി കാട്ടാൻ കോട മഞ്ഞിൻ കൂട്ടങളെയും കൂടെ കൂട്ടാറുണ്ട്. നടപ്പിന് ഇടയിൽ ഇടവിട്ട് കാറ്റിനൊപ്പം ഞങളെ കടന്നു പോകുന്ന, കാഴ്ച്ചക്ക് പാതി മറ പിടിക്കുന്ന, തണുപ്പിനു കനം കൂട്ടുന്ന, കോട മഞ്ഞിൽ നിന്നും പുറത്തു കടക്കുമ്പോൾ ആകെ നനൊഞ്ഞൊഴുകും. രോമങളിലൊക്കെ പറ്റി പിടിചിരിക്കുന്ന മഞ്ഞു കണങൾ....... പ്രകൃതിയോട് ഇണങാൻ ഇതിൽപരം എന്തു വേണം. പ്രതിഭാസത്തിൽ നിന്നൊക്കെ പുറത്തു കടക്കുമ്പോൾ, ഒരോ തവണയും തുറന്നു കിട്ടുന്ന കാഴച്ചകൾ അവർണനീയമാണ്. ഇത്തരമൊരു കാഴച്ചയിൽ കടും ചുവപ്പു നിറമായിരുന്നു ഞങളുടെ കണ്ണുകളിലേക്ക് ആദ്യം എത്തിയത്. ഇരുണ്ട പച്ച തുരുത്തുകളിലെ മര കൂട്ടങൾക്ക് ഇടയിലായി കടും ചുവപ്പു നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന കാടിന്റെ തീ ജ്വാലയെന്ന് അപരനാമമുള്ള പ്ലാശു മരങൾ. ഇരുട്ടിന്റെ മറ നീക്കി സൂര്യൻ പുറത്തു വന്ന്, ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും, കാർ മേഘങളോടും, മഞ്ഞിനോടും മത്സരിച്ച് എത്താൻ വൈകുന്ന വെയിലേറ്റ്, ചുവപ്പിനു തിളക്കവും, തീ ജ്വാലകൾക്ക് കടുപ്പവും കൂട്ടാൻ കാത്തു നിൽക്കുകയാണ് പ്ലാശുമരങൾ

   
ഗവി ഡാം മുതൽ കണ്ണുകൊണ്ട് അളന്നാൽ ഏകദേശം 300 മീറ്ററോളം ഇടതു വശം തുറന്ന കാഴച്ചകളാണ്. വലതു വശം ഡാം കഴിഞ്ഞാൽ ഉടൻ ജലാശയം കാടിനു പുറകിൽ ഒളിക്കും. റോഡ് നിർമ്മാണത്തിനു കാടു വെട്ടി നിരത്തിയ അതിരു മുതൽ, കുറ്റിച്ചെടികളും, കാട്ടുചെടികളും പൂത്തുലഞ്ഞു, ടാർ പുരട്ടി ഒരുക്കിയ വന പാതയിലേക്ക് കയറി നിന്ന് തങളാൽ കഴിയുന്ന സൗന്ദര്യം ഗവിക്കു നൽകുന്നുണ്ട്. അതിനു പുറകിൽ ഇടതൂർന്ന് വളരുന്ന ഈറ്റ കാടുകൾക്ക് കുട ചൂടി, ഇലച്ചാർത്തിൽ പച്ചയുടെ നിറ ഭേദങളുമായി, ചെറു മരങൾ പടർന്നു പന്തലിച്ച് നിൽക്കുന്നു. രണ്ടു തട്ടിലും ഇരുട്ടിനു കൂട്ടായി കൊട മഞ്ഞ് പറന്ന് ഇറങുന്നുണ്ട്.. ഇനി മേൽത്തട്ടുകാർ, വൻ മരങൾ, ഈറ്റക്കൂട്ടങളിൽ നിന്നും, ചെറു മര കൂട്ടങളിൽ നിന്നും രക്ഷപ്പെടാൻ എന്നവണ്ണം ശിഖരങൾ ഒതുക്കി ഉയരങളിലേക്ക് വളർന്ന തടിമാടന്മാർ. അവക്കു മുകളിൽ നിന്നും താഴേക്ക് വളരുന്ന പരാദ സസ്യങൾ. ചിലത് വൻ മരങളെ വരിഞ്ഞു മുറുക്കിയിട്ടുണ്ട്, ചിലവ പൂർണ്ണ ആധിപത്യം നേടിയിരിക്കുന്നു. എല്ലാ തട്ടിനേയും ബന്ധിപ്പിക്കുന്ന പ്രകൃതിയുടെ സന്തുലിതാവസ്ഥ...... നമ്മുടെ പൂർവികർക്ക് ഉയരങളിൽ രാപ്പാർക്കാൻ പ്രകൃതി ഒരുക്കുന്ന ഏണിപ്പടികൾ. താഴേക്ക് ഇറങാൻ മടി കാണിച്ചിരിക്കുന്ന ഇക്കൂട്ടരെ ചിലയിടങളിൽ കൂട്ടാത്തോടെ കാണാം. ആവാസ വ്യവസ്ഥയിൽ തങൾക്കുള്ള ഫലങൾ തരുന്ന രണ്ടാം തട്ടിലെ മരങളൊക്കെ മഞ്ഞു പുതച്ചു ഉറങുകയാണ്. ഇടക്കൊക്കെ തങളേയും പുതപ്പിക്കുന്ന മഞ്ഞും, ചാറ്റൽ മഴയും ആസ്വദിച്ചു വർഗ്ഗ സ്നേഹത്തിന്റെ ആലസ്യത്തിൽ ആയിരുന്നു അവർ

   
ഡാം കഴിഞ്ഞു ഏകദേശം 100 മീറ്റർ കഴിഞ്ഞു കാണും, പുൽ മേടുകളിലെ ഒരു നിറഭേദം ആദ്യം കണ്ടത് രമേഷായിരുന്നു. എല്ലാവരുടേയും ശ്രദ്ധ രമേഷിന്റെ ഇടതു ചൂണ്ട് വിരൽ തുമ്പിലേക്ക്. അഞ്ചോ, ആറോ എന്ന് കൃത്യമായി പറയുവാൻ സാധിക്കാത്ത, ചെമ്മണ്ണു പുതച്ചു നിൽക്കുന്ന കാട്ടാനക്കൂട്ടം. കൂട്ടത്തിന്റെ എണ്ണം തരാതെ മറഞ്ഞു നിൽക്കുന്ന മുതിർന്നവരുടെ ചലനങൾ കുറച്ചൊക്കെ വ്യക്തമായി കാണാം. പുല്ലു പറിച്ച് വേരിലെ മണ്ണ് പൂറത്തടിച്ചു വൃത്തിയാക്കി കൊമ്പിന് അടിയിലേക്ക് എടുക്കുന്ന ചലനങൾ രമേഷിന്റെ ചൂണ്ടു വിരൽ വരച്ചു തന്നപ്പോൾ കൂടുതൽ വ്യക്തമായി. ഗവിയിൽ എത്തി ആദ്യമായി വിശപ്പും ഞങളെ ബാധിച്ചു തുടങി. മൊട്ടക്കുന്നുകളിലെ ഒറ്റയടി പാതയിൽ നിശ്ചലമായ രണ്ടു മനുഷ്യ കൂട്ടങളിലേക്കും രമേഷിന്റെ ചൂണ്ടു വിരൽ ഞങളെ നയിച്ചു. അവരും കരിക്കൂട്ടത്തെ വീക്ഷിച്ചു നിൽക്കുകയാണ്. ഗവി പാക്കേജ് നൽകുന്ന സ്വതന്ത്ര്യം അനുഭവിക്കുന്നവർ, കരിക്കൂട്ടത്തിന്റെ എണ്ണം കൃത്യമായി പറയാൻ അവർക്കു കഴിഞ്ഞേക്കും

      
യാത്രകളിൽ ഒക്കെയും രമേഷ് തന്നെയാണ് പല സുന്ദര കാഴ്ചകളിലേക്കും ഞങളെ നയിച്ചിരുന്നത്. രമേഷിന്റെ കണ്ണുകൾ ഞങൾക്ക് പലപ്പോഴും ദൂരദർശിനിയും, സൂക്ഷ്മദർശനിയും ഒക്കെയായി മാറാറുണ്ട്. രമേഷിന്റെ കണ്ണുകൾ പോലെ തന്നെ മറ്റു ഇന്ദ്രിയങളും വളരെ ശക്തമാണ്. അതുകൊണ്ട് തന്നെ പ്രകൃതിയോട് ഇണങാനും, പിണങാനും എളുപ്പമാണ്. തനിക്ക് അനുഭവപ്പെടുന്ന കാട്ടു ചൂരിൽ നിന്നും രക്ഷപെടാൻ നടന്നു തുടങാൻ രമേഷിന്റെ നിർദ്ദേശം ലഭിച്ചു. പൊടുന്നനെ നിന്ന രമേഷ് ഞങളെ തഴുകി പോകുന്ന കാറ്റിൽ നിന്നും ആനച്ചൂരിന്റെ വ്യത്യാസം വേർതിരിച്ചു തന്നു. കണ്ടു നിന്ന കൂട്ടത്തിന്റെ അല്ല ചൂരെന്ന് കാറ്റിന്റെ ദിശ നോക്കി ഞങൾ മനസ്സിലാക്കി. ചൂണ്ടു വിരൽ ചെവിയിൽ വെച്ച് എന്നെ നോക്കിയ രമേഷിൽ നിന്നും, ഞാനും കേട്ടു വലതു ചെവിയിൽ ഈറ്റ തണ്ടുകൾ പൊട്ടിച്ചിതറുന്ന താളം. മറ്റൊരു കൂട്ടത്തിന്റെ സാമിപ്യം..... തടാക കരയിലാകാം..... 50-100 മീറ്റർ അകലം ഞങൾ ഒരുമിച്ചു ഗണിച്ചെടുത്തു. മൂന്നാമനും, നാലാമനും, അഞ്ചാമനും, ആറാമനും നിമിഷങളുടെ വ്യത്യാസത്തിൽ അതു ശരിവെച്ചു.

       
ട്രെക്കിങ്ങ് പരിപാടിയിലെ രണ്ടു ടീമുകളെ വഴിയിൽ കണ്ടു മുട്ടി, അവർ വഴിയിൽ നിന്നും മേടുകളിലേക്ക് നടന്നു കയറാൻ തുടങുകയാണ്. ഗൈഡുകൾ വളരെ സൗമ്യമായി പെരുമാറി. അവരുടെ സമയം അപഹരിക്കാതെ ഞങൾ നടന്നു നീങി. തുറന്ന കാഴ്ചകൾ തീരുന്നിടത്തു നിന്നും ഒരിക്കൽ കൂടി പ്രകൃതി ഒരുക്കിയ കാൻവാസിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ഇളം വെയിലേറ്റ് കത്തി ജ്വലിക്കാൻ തുടങുന്ന പ്ലാശു മരങൾ കാൻവാസിൽ തെളിഞ്ഞു കണ്ടു. താഴ്വരയാകെ മൂടി നിന്ന അന്തരീക്ഷത്തിൽ ഒരു തെളിച്ചം വന്നിരിക്കുന്നു. ഞങൾ നടപ്പു തുടർന്നു. മുന്നോട്ടുള്ള കാഴ്ച്ചകൾ അടവി തീർത്ത ഒരു ഗുഹ പോലെ തോന്നും. ഇരു വശവും ഇടതൂർന്ന കാട്, ഇരു വശങളിൽ നിന്നും വനപാതക്ക് മുകളിലേക്ക്, നക്ഷത്ര വിടവുകളിലൂടെ ആകാശം കാണുന്ന തരത്തിൽ മരങൾ തോളോട് തോൾ ചേർന്ന് കൈകൾ കോർത്ത്, തങളെ വേർപിരിച്ച വനപാതക്ക് മുകളിൽ, വേർപിരിച്ച മാനവർക്ക് ശല്യം ആകാത്ത തരത്തിൽ സംഗമിക്കുന്നു. തിരിഞ്ഞു നോക്കിയാൽ ഗുഹാ മുഖത്ത് നിന്നു നോക്കും പോലെ തുറന്ന കാഴ്ചകൾ. തുറന്ന പ്രദേശത്തു കൂടെ നടന്നു നീങിയപ്പോൾ, കർണ്ണദ്വയങളെ കീഴടക്കിയിരുന്ന കാറ്റിന്റെ ശബ്ദവും, തലോടലും, കാട്ടു ചൂരിന്റെ ശക്തിയും കുറഞ്ഞു. പകരം ചെറു വെള്ളച്ചാട്ടങളുടെ പൊട്ടിച്ചിരിയും, കിളിക്കൊഞ്ചലുകളും, മലമുഴക്കങളും ആസ്വദിച്ച് ഞങൾ അടവി തൻ സംരക്ഷണയിൽ, പച്ചപ്പു നിറഞ്ഞ സാങ്കല്പിക ഗുഹയിലൂടെ നട്ന്നു നീങി. മഴയുടെ പ്രഹരം ഭൂമിയിലേക്ക് നേരിട്ടെത്തിക്കാതെ തടയുന്ന വൻമരങളും, വള്ളി ചെടികളും,കാനന വാസികളായ വന്യ ജീവികൾക്കും, സൂക്ഷ്മ ജീവികൾക്കും ഒരു പോലെ മഴയിൽ നിന്നും സംരക്ഷണം നൽകുന്നു. ഇലച്ചാർത്തിൽ സംഭരിക്കുന്ന ജല കണങൾ, ഇളം കാറ്റു വീശുമ്പോൾ പെയ്യിക്കുന്ന വൃക്ഷ ലതാതികൾ തീർക്കുന്ന കാനന ചോലയിലൂടെ, പാദങൾ പതുക്കെ ചലിപ്പിച്ച് ഞങൾ ഗവിയിൽ നിന്നും നടന്ന് അകന്ന് തുടങി. വന പാതക്കരികിലൂടെ, പൂത്തു നിൽക്കുന്ന ചെറു ചെടികൾക്ക് ഇടയിലൂടെ മണ്ണും, മഴവെള്ളവും ഇണചേർന്ന് ഒഴുകുന്നുണ്ട്. ഒഴുക്കിന്റെ വശങളിൽ നിക്ഷേപിക്കപ്പെടുന്ന ചെളി കുഴച്ചെടുക്കാൻ ചിത്ര ശലഭങൾ പരിശ്രമിക്കുന്നു. വെള്ളം ഒഴുകുന്ന ചെറു ചാലുകൾ, നിറഞ്ഞു കവിഞ്ഞ ചതുപ്പിലേക്കും അവിടന്ന് ചാലു കീറി ജലാശയത്തിലേക്കും പോകുന്നത് കാണാം. അത്തരമൊരു ചതുപ്പിന് അടുത്ത് എത്തിയപ്പോൾ ആണ് മേല്പറഞ്ഞ സുന്ദര ചിത്രത്തിന് കാരണമായ സംഭവങൾക്ക് തുടക്കം കു റിക്കുന്നത്

      
ആറു പേർ കയ്യകലത്തിൽ നിന്നും മാറാതെ ആയിരുന്നു അതുവരെ ഞങൾ നടന്നിരുന്നത്. കൂട്ടം തെറ്റി, വന പാതക്കരികിൽ നിന്നും ഒരു കരിങ്കൽ ചീളുമെടുത്ത് കുറ്റിച്ചെടികൾ വകഞ്ഞു മാറ്റി, രമേഷ് പോയത് എല്ലാവർക്കും ദേഷ്യത്തിനിടയാക്കി. രമേഷിന്റെ ഒരു മിനിട്ട് എന്ന സ്ഥിരം പല്ലവിയിൽ, ഞാൻ ഒരു മായക്കാഴ്ച്ച പ്രതീക്ഷിച്ചിരുന്നു. കുറ്റി ചെടികൾക്ക് പുറകിൽ ഒരു മരത്തിനു സമീപം രമേഷിന്റെ തിടുക്കം അവസാനിച്ചു. തലയൊന്നു ചരിച്ച് മരത്തിലേക്ക് ഒരു ഗഹന വീക്ഷണം. സമയത്തിനകം ഞങളും അവനിലേക്ക് അടുത്തു. തലയൊന്നു ചരിച്ച്, നില്പിലും, നോക്കിലും അനുകരിച്ചെങ്കിലും, രമേഷിന്റെ വീക്ഷണ കോൺ ഞങൾക്ക് ആർക്കും മനസ്സിലായില്ല. ചെറു ചെടികൾക്കു പുറകിൽ, അല്പം ചരിഞ്ഞ പ്രതലത്തിൽ അധികം വണ്ണമില്ലാത്ത, ഇളം പച്ച കലർന്ന ചാരനിറത്തിലുള്ള ഒരു മരത്തിൽ കൈ പിടിച്ച് അല്പം കുനിഞ്ഞു നിന്ന രമേഷിന്റെ ശ്രദ്ധ മരത്തൊലിയിലെ വെളുപ്പു കലർന്ന പൂപ്പൽ പറ്റിപ്പിടിച്ചിരിക്കുന്നതിലേക്ക് ആണെന്ന് ഞങൾക്ക് മനസ്സിലായി. അല്പ സമയത്തെ നിരീക്ഷണത്തിനു ശേഷം, ഒരു കുന്നിന്റെ ആകൃതിയിൽ പറ്റിപിടിചച്ചിരിക്കുന്ന പൂപ്പലിൽ തന്റെ വലം കയ്യിലെ കരിങ്കൽ ചീളു കൊണ്ട്, പൂപ്പൽ ചുരണ്ടി രമേഷ് തീക്ഷണതയുള്ള രണ്ടു കണ്ണുകൾ തീർത്തു. രമേഷിന്റെ രചനകളോടുള്ള എന്റെ പരിചയവും, അടുപ്പവും കൊണ്ട് തന്നെ കൺ തുറന്ന കല പൂർത്തിയാകുമ്പോൾ ഒരു മുഖം അകുമെന്ന് ഞാൻ ഉറപ്പിച്ചു. പക്ഷെ അതൊരു കാർട്ടൂൺ ആയിരിക്കുമോ, അതോ ആരുടെയെങ്കിലും രൂപ സദൃശ്യമോ, ഒന്നും വ്യക്തമായില്ല. കണ്ണുകൾ പൂർത്തിയാക്കി നടത്തിയ നിരീക്ഷണത്തിനു ശേഷം, രമേഷിന് രചനയിൽ തിടുക്കവും, ആവേശവും കൂടി. പുരികങളും, മൂക്കും, ചുണ്ടും, താടിയും പൂർത്തിയാക്കിയപ്പോൾ തന്നെ നല്ല ഐശ്വര്യമുള്ള ഒരു മുഖം രൂപപ്പെടുന്നത് ഞങൾ നോക്കി നിന്നു. വിരലുകൾ കൊണ്ടോ, കയ്യിൽ കിട്ടുന്ന കല്ലും, കായും, ഇലയും, പൂവും വടിയുമൊക്കെ തൂലികയാക്കി, തൂണിലും, തുരുമ്പിലും, മണ്ണിലും, മരത്തിലും, മേഘങളിലും ഒക്കെ ധാരാളം സുന്ദര രൂപങൾ ഞങൾ സുഹൃത്തുക്കൾക്കായി രമേഷ് പലപ്പോഴും സമ്മാനിച്ചിട്ടുണ്ട്. ഒരു മുത്തശ്ശിക്കഥ പൂർത്തിയാക്കുന്ന ലാഘവത്തോടെ ഞങളെ നോക്കി രമേഷ് രചനയുടെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. എനിക്ക് നോട്ടം സുപരിചിതമാണ്. പല രചനകളുടെയും ശുഭ പര്യവസാനത്തിനു മുൻപായി ചെറു കള്ളച്ചിരിയോടെ ഇത്തരം ഒരു നോട്ടം പതിവുള്ളതാണ്. മനസ്സിൽ പതിഞ്ഞത്, തന്റെ സൃഷ്ടിയിലൂടെ പൂർത്തിയാക്കാൻ വെമ്പൽകൊണ്ട് അനുവാദം ചോദിക്കുന്നതു പോലെയാണ് ചിരിയും, നോട്ടവും, പലപ്പോഴും എനിക്ക് തോന്നിയിരുന്നത്. തിടുക്കത്തിൽ പീലിയും, ആഭരണങളും കൂടി പൂർത്തിയാക്കിയപ്പോൾ, ഇന്നോളം കണ്ടിട്ടില്ലാത്ത ചൈതന്യം തുളുമ്പുന്ന ഉണ്ണിക്കണ്ണനായി പൂപ്പൽ രൂപാന്തരം പ്രാപിച്ചിരുന്നു. പ്രകൃതിയാകെ അമ്പാടിയായി മാറിയതു പോലെ തോന്നി. വെണ്ണക്കൊതിയനായ ഉണ്ണിക്കണ്ണന്റെ സാമിപ്യം എല്ലാവർക്കും അനുഭവപ്പെട്ടു. ഞങൾ സൃഷ്ടിക്കു മുൻപിലും, സൃഷ്ടാവിനു മുൻപിലും ഒരു പോലെ നമിച്ചു പോയി. രമേഷ് ഞങളെ ഒന്നു കൂടി നോക്കി, കരിങ്കൽ ചീളുകൊണ്ട് പൂപ്പലിൽ മൂന്ന്, നാലു പോറൽ കൂടി നടത്തി, ഉണ്ണിക്കണ്ണന്റെ കേശ ഭാരം കൂടി സൃഷ്ടിയിലേക്ക് ആവാഹിച്ചു. ഒരു കരിങ്കൽ ചീളു കൊണ്ട് ഗവിയെ അമ്പാടിയാകി മാറ്റിയ പ്രിയ സുഹൃത്ത്, ഞങളുടെ അഭിനന്ദനങൾ വാങിക്കൂട്ടുമ്പോഴും, ഒരു സാധാരണ പൂപ്പലിൽ ചൈതന്യമുള്ള കണ്ണന്റെ മുഖം തന്നിലേക്ക് എത്തിച്ച, പ്രകൃതിയൊരുക്കിയ ചില അസാധാരണ വരകൾ ഞങൾക്ക് മുൻപിൽ വിരലിനാൽ വരച്ചു കാണിക്കുക ആയിരുന്നു. ഞങളിലേക്ക് പ്രവഹിച്ച ചൈതന്യം, മനസ്സിൽ ബാക്കി നിന്ന, കലഹത്തിന്റെ കറ കൂടി കഴുകി കളഞ്ഞു. ഗവിയിലെ സാറിനു നന്ദി പറഞ്ഞു കൊണ്ട്, രമേഷ് തന്റെ സൃഷ്ടി കാമറയിലേക്ക് പകർത്തി. മരവും, പൂപ്പലും, രൂപവും ആദ്യമായി കണ്ടിടത്തു നിന്നും ഒന്നു കൂടി നോക്കി, മനസ്സിൽ കണ്ടത് മരത്തിൽ കണ്ട സന്തോഷത്തോടെ രമേഷ് നടന്നു തുടങി. ഞങളും അമ്പാടിയോട് വിടചൊല്ലി, അടവിയിലേക്ക് നടന്നു കയറി

       
ഗവിയിൽ നിന്നും വള്ളക്കടവ് വനം വകുപ്പ് ചെക്ക് പോസ്റ്റ് ലക്ഷ്യം വെച്ചാണ് ഞങൾ നടപ്പു തുടങിയത്. കടുത്ത ആനച്ചൂരിലൂടേയും, ഗവിയിലേക്കുള്ള ബസ്സ് യാത്രയിൽ, ഡ്രൈവർ കാണിച്ചു തന്ന സ്ഥിരം പുലി ഇറങുന്ന ചതുപ്പിന്ന് അരുകിലൂടേയും നടന്നു നീങിയപ്പോൾ മൻസ്സിൽ അല്പം ഭീതി കയറിയിരുന്നു. അതിനു കനം വെപ്പിക്കാൻ കാടിനുള്ളിലെ അത്ര പരിചിതമല്ലാത്ത ചില ശബ്ദങളും, അലയടികളും. KFDC ഉദ്ധ്യോഗസ്ഥന്റെ ആക്രോശങളിൽ ചില അപകട സൂചനകൾ പതിയിരുന്നതു പോലെ പലപ്പോഴും ഞങൾക്ക് തോന്നി. എങ്കിലും അടവിതൻ സംരക്ഷണയിൽ സ്വസ്ഥമായി തന്നെ ഞങൾ നടന്നു. ഗവിയിലെ പുല്ല് മേടുകളും, കൊടും കാടും താണ്ടിയുള്ള നടപ്പിനിടയിൽ അഞ്ചിടത്ത് എങ്കിലും ഗജ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കുറുക്കൻ, കാട്ടു നായ, മലയണ്ണാനുകൾ, പലയിനം വാനര ജന്മങൾ, ആളനക്കം കണ്ടാൽ ഓടി ഒളിക്കുന്ന കാട്ടു കോഴികൾ, പല വർണ്ണ പറവകൾ, കൂട്ടം കൂടിയെത്തുന്ന മലംതത്തകൾ എന്നു വേണ്ട കാടൊരുക്കുന്ന കാഴ്ച്ചകൾ ഒക്കെയും കണ്ടു, മൂന്നു മണിക്കൂർ കൊണ്ട് എകദേശം 3-4 കിലോ മീറ്ററുകൾ മാത്രമാണ് ഞങൾ നടന്നു നീങിയത്. നടപ്പിനിടയിൽ മൂക്കു തുളച്ചെത്തിയ പഴം ചക്കയുടെ ഗന്ധം, ഞങൾക്ക് മുന്നിൽ തുറന്നത് ഒരു അസാധാരണ കാഴ്ച്ച ആയിരുന്നു. മലയണ്ണാനുകളെ ഇതിനു മുൻപ് ഞാൻ കൂട്ടമായി കണ്ടിട്ടില്ല. ചക്കപ്പഴത്തിന്റെ മുള്ളുള്ള പുറം തോട് കരണ്ടും, മാന്തിയും പൊളിച്ചെടുത്ത് ഓറഞ്ചു കലർന്ന മഞ്ഞ നിറത്തിലുള്ള ചുളകൾ തിന്നുന്നത് ഞങളേക്കാൾ ആസ്വദിച്ചിരുന്നത്, പുറം തോട് പൊളിച്ച്, ചുളകൾ പുറത്ത് എടുക്കാൻ കഴിയാത്ത, തങൾക്കുള്ള ഊഴവും കാത്തിരിക്കുന്ന വാനരന്മാരാണ്. ചില കൊതിയന്മാർ കാത്തിരിപ്പിനു ക്ഷമയില്ലാതെ, ചക്ക പഴത്തിന്റെ മുള്ളു പുറംതോടിനെ അതിജീവിക്കുന്ന മലയണ്ണാനുകളുമായി സഹകരിച്ച് മധുരം പങ്കുവെക്കുന്നുണ്ട്. സഹകരണം കയ്യേറ്റത്തിലേക്ക് കടക്കുമ്പോൾ അടുത്ത പാകമായത് തേടി പോകുന്ന മലയണ്ണാനുകളെയും കാണാനിടയായി. ഇവയെ ഒക്കെ സംരക്ഷിച്ചു പോരുന്ന കാട് ഞങൾക്കും ഒരു സംരക്ഷണ കവചം തീർത്തിരുന്നു എന്നു വേണം കരുതാൻ.

       
വള്ളക്കടവു ലക്ഷ്യം വച്ചുള്ള നടപ്പ് പച്ചക്കാനം ചെക്ക് പൊസ്റ്റ് ഓഫീസിന്റെ കല്പടവുകളിൽ അവസാനിപ്പിച്ചു. മുൻപൊരിക്കൽ പച്ചക്കാനം ചെക്ക് പോസ്റ്റിലെത്തി പുല്ലുമേടിലേക്ക് നടന്നിതിന്റെ ഓർമ്മകൾ അയവിറക്കി ഫോറസ്റ്റു ഗാർഡിനോട് നടത്തിയ സൗഹൃദ സംഭാഷണത്തിൽ നിന്നും കുറെയേറെ അറിവുകൾ കൂടി ലഭിച്ചു. 10:45 നു KSRTC യുടെ കുമളി ബസ് കിട്ടി. അതിരാവിലെ പത്തനംതിട്ടയിൽ നിന്നും ആരംഭിക്കുന്ന ബസ്സാണിത്. വണ്ടിപ്പെരിയാറിൽ ഇറങ്ങി പ്രാതൽ കഴിച്ച്, മടക്ക യാത്രയിൽ പരുന്തും പാറയിലും, പാഞ്ചാലിമേട്ടിലും കൂടി മഴ ആസ്വദിച്ച്, ഒരു മഴ യാത്രകൂടി ഞങൾ പൂർത്തിയാക്കി.

      
പാതിനഞ്ചു വർഷങൾക്കു മുൻപ് രമേഷുമൊന്നിച്ച് ബൈക്കിൽ നടത്തിയ ആദ്യ യാത്രയും, കഴിഞ്ഞ വേനലിൽ നടത്തിയ അവസാന യാത്രയും ഓർത്തെടുക്കുമ്പോൾ ഗവി യാത്രകൾ സമ്മാനിച്ച പ്രകൃതി അനുഭവങളും, സാഹസികതകളും പകർന്നു തന്ന ധൈര്യവും, ഊർജ്ജവും, ഗവിയിലെ മൊട്ട കുന്നുകളോളമുണ്ട്. പ്രിയ സുഹൃത്തിന്റെ ഉണ്ണിക്കണ്ണൻ പകർന്നു നൽകിയ ചൈതന്യം, മൊട്ടക്കുന്നുകളിൽ വെയിലേറ്റ് ജ്വലിക്കുന്ന പ്ലാശു മരങൾ പോലേയും. ഗവിയിലേക്ക് നടത്തിയ മുഴുവൻ യാത്രകളും ഓർത്തെടുക്കാൻ പാകത്തിൽ, പ്രിയ സുഹൃത്ത് പ്രകൃതിയിൽ ഒരുക്കിയ സൃഷ്ടിയുടെ ചിത്രത്തിനു മുൻപിൽ നമിച്ചു കൊണ്ട് നിറുത്തട്ടെ.

    
കടപ്പാട്: പ്രകൃതിയെ ഇത്രമേൽ സുന്ദരമാക്കി അതു ഞങ്ങൾക്കായി പങ്കുവെച്ച ദൈവത്തോടും, എന്റെ വാക്കു കേട്ട് എന്നോടൊപ്പം ഇറങ്ങിത്തിരിച്ച എന്റെ സഹയാത്രികരോടും മാത്രം.



 

   





 
 

No comments:

Post a Comment