Monday, 7 October 2013

Oddanchathram .. ഒട്ടൻച്ചത്രം യാത്രയും ..... ഓണക്കാലത്തെ പച്ചക്കറി വിശേഷങ്ങളും....






ഒട്ടൻച്ചത്രം യാത്രയും    ഓണക്കാലത്തെ പച്ചക്കറി വിശേഷങ്ങളും








പൊന്നിൻ ചിങ്ങ മാസത്തിൽ ഓണത്തിനു മുൻപായി എനിക്കൊരു യാത്ര തരപ്പെട്ടത് എരൂർ ഐലന്റ് വെൽഫെയർ അസ്സോസ്സിയേഷൻ സാരഥികളുടെ പ്രവർത്തന നൈപുണ്യം കൊണ്ടാണ്.  ഓണക്കാലത്ത് വില കുതിച്ചു കയറുന്ന പച്ചക്കറി വിപണിയിൽ നിന്നും എരൂർ ഐലന്റ് നിവാസികൾക്ക് ഒരു അശ്വാസം നൽകുകയെന്ന ആലോചനകളാണ്, ഓണത്തിനു മുൻപ് തമിഴ് നാട്ടിലെ ഉത്പാദന കേന്ദ്രങ്ങളിൽ നിന്നു തന്നെ പച്ചക്കറികൾ ശേഖരിച്ച്, ഗതാഗത ചിലവുകൾ മാത്രം വിലയോട് ചേർത്ത് എരൂരിലെ ഒന്നും, രണ്ടും വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്ത് ഒരു പൊതു വിതരണ കേന്ദ്രത്തിലൂടെ ദ്വീപ് നിവാസികളിലേക്ക് എത്തിക്കുവാനുള്ള തിരുമാനം ഉണ്ടായത്.
  
ആഗസ്റ്റ് അവസാനത്തോടെ തമിഴ്നാട്ടിലെ കാർഷിക മേഖല- കളിൽ എത്തി വിപണന തന്ത്രങ്ങൾ പഠിച്ച്, ഒരു കരട് രൂപം തയ്യാറാക്കി, ഐലന്റ് വെൽഫെയർ അസ്സോസ്സിയേഷൻ യോഗങ്ങളിൽ ചർച്ച ചെയ്ത് ഉറപ്പിച്ചതിൻ പ്രകാരം, പച്ചക്കറികൾ മൊത്തമായി ശേഖരിക്കുന്നതിനു വേണ്ടിയാണ് ഒട്ടൻച്ചത്രത്തിലേക്ക് യാത്ര ഉറപ്പിച്ചത്.  അസ്സോസ്സിയേഷന്റെ മുൻ പ്രവർത്തനങ്ങളിൽ ഒക്കെയും പങ്കാളി ആയിരുന്നതു കൊണ്ടും, പോകുവാൻ നിശ്ചയിച്ചിരുന്ന ഒരു അംഗത്തിനുണ്ടായ ചില അസ്വൗകര്യങ്ങളും ഒട്ടൻച്ചത്രത്തിലേക്ക് പുറപ്പെടുന്ന ഇന്നോവയിൽ എനിക്ക് കൂടി ഒരിടം ലഭിക്കാൻ കാരണമായി.

യാത്രാ ദിവസം അല്പം വൈകി ഉറക്കം ഉണർന്നതിന്റെ തിരക്കുകൾ തീർത്ത ഓട്ടം പൂർത്തിയാക്കി, ഉച്ചയൂണും കഴിഞ്ഞ് പറഞ്ഞുറപ്പിച്ച സമയമായ ഉച്ചക്ക് രണ്ടു മണിക്കു തന്നെ ഞാൻ മൊയ്തീൻ ആർക്കേഡിനു മുൻപിൽ എത്തിയപ്പോഴേക്കും സഹയാത്രികരുടെ ഫോൺ വിളിയെത്തി. ലക്ഷ്യബോധത്തോടെ എരൂർ ഐലന്റ് വെൽഫെയർ അസ്സോസ്സിയേഷൻ രൂപീകരിക്കുകയും, പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിക്കുകയും ചെയ്യുന്ന, നാസർ പല്ലച്ചി, ഗിരിഷ് പോട്ടയിൽ, സാംബശിവൻ മാരാത്ത്, വിജയൻ ചേട്ടൻ, പിന്നെ പരിചയ സമ്പന്നനായ ഞങ്ങളുടെ സാരഥി ലെനിൻ ചേട്ടൻ ഇവരൊക്കെയാണ് സഹയാത്രികർ. 


യാത്ര പുറപ്പെടുന്നതിനു മുൻപ് എരൂർ ഐലന്റ് വെൽഫെയർ അസ്സോസ്സിയേഷനെക്കുറിച്ചു കൂടി ഒന്നു പറയട്ടെ. എരൂരിന്റെ വടക്കേ അറ്റം രണ്ടു പാലങ്ങൾക്കും നടുവിലായുള്ള, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഒന്ന്, രണ്ട്, വാർഡുകൾ ഉൾപ്പെട്ട ദ്വീപാണ് എരൂർ ഐലന്റ് വെൽഫെയർ അസ്സോസ്സിയേഷൻ പരിധിയിൽ വരുന്നത്.  മാലിന്യ നിർമ്മാർജ്ജനം, വിജയകരമായി പൂർത്തിയാക്കിയ വേണാട്ട്, കാമ്പളം കുടിവെള്ള പദ്ധതികൾ, അർക്കകടവ്, എരൂർ പാലങ്ങൾക്ക് ഇരുവശവും മാലിന്യം നീക്കം ചെയ്ത്, ചെടികൾ വെച്ചു പിടിപ്പിച്ചുള്ള സൗന്ദര്യ വൽക്കരണം, മെഡിക്കൽ ക്യാമ്പ്, തുടങ്ങിയവ എല്ലാം ഹ്രസ്വകാലം കൊണ്ട് അസ്സോസ്സിയേഷൻ പൂർത്തിയാക്കിയ പ്രവർത്തനങ്ങളിൽ ചിലതാണ്. 100% വിജയകരമായി പ്രവർത്തിക്കുന്ന വേണാട്ട്, കാമ്പളം കുടിവെള്ള പദ്ധതികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പോലും പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തന- ങ്ങളാണ്.  അസ്സോസ്സിയേഷൻ ലക്ഷ്യമിടുന്ന ദ്വീപിലെ രണ്ടു കുടിവെള്ള പദ്ധതികൾ കൂടി  പൂർത്തിയായാൽ കുടിവെള്ള കാര്യത്തിൽ സ്വയം പര്യാപ്തത നേടി ചരിത്രത്തിൽ ഇടം നേടും ദ്വീപു നിവാസികൾ.

സെപ്തംബർ 11 ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് പുതിയൊരു ലക്ഷ്യവുമായി ഞങ്ങൾ ഒട്ടൻച്ചത്രത്തിലേക്കുള്ള യാത്ര ആരംഭിച്ചു.  യാത്ര ആരംഭിച്ചപ്പോൾ മുതൽ തുടങ്ങിയ പച്ചക്കറി ചർച്ചകൾ വിട്ടു നിന്നത് വിജയൻ ചേട്ടൻ കൊണ്ടുവന്ന നല്ല നാടൻ ഗാർഹിക വിഭവമായ കായ വറുത്തത് കൊറിച്ചപ്പോഴും, വഴി നീളെ കാത്തു കിടക്കേണ്ടിവരുന്ന ഗതാഗത തടസത്തേക്കുറിച്ചു പറയുമ്പോഴും മാത്രം.  പച്ചക്കറി ചർച്ചകളിൽ ശേഖരണവും, വില നിശ്ചയിക്കലും, വിതരണവുമൊക്കെ ലാഭേച്ചയില്ലാതെ കടന്നു പോയപ്പോൾ എന്നിലേക്കും ഒരു സജീവ പ്രവർത്തകന്റെ ഗുണ ഗണങ്ങൾ പകർന്നു തന്ന സഹയാത്രികർ, എനിക്ക് പൊതു പ്രവർത്തനത്തിന്റെ മാറ്റ് അറിയിച്ചു തന്നു. കുതിച്ചു പായുന്ന ഇന്നോവക്കുള്ളിൽ ചൂടറിയാതെ യാത്ര ചെയ്യുമ്പോഴും, ഗതാഗത കുരിക്കിന്റെ മടുപ്പ് ഒഴിവാക്കാനുള്ള ആലോചനകൾ പച്ചപ്പു നിറഞ്ഞ ഒരു വഴി തിരഞ്ഞെടുക്കാൻ കാരണമായി. ചാലക്കുടി കഴിഞ്ഞ് വലത്തോട്ടു തിരിയാനുള്ള നിർദ്ദേശം കൊടുത്തപ്പോൾ മാത്രമാണ് പഴനി വരെയുള്ള യാത്രയെക്കുറിച്ച് ഒരു ധാരണയായത്.  20-25 കീ.മീറ്ററും 2 മണിക്കൂറും അധികം ആവുമെങ്കിലും, ഓട്ടൻച്ചത്രത്ത് വൈകി എത്തിയാൽ മതിയെന്ന കാരണവും, കൊണ്ടുമാണ് ചാലക്കുടി, വാൽപ്പാറ, ആളിയാർ വഴി ഉടുമൽപേട്ടും, പൊള്ളാച്ചിയും തൊടാതെ പഴനി വരെയുള്ള യാത്രാ മാർഗ്ഗത്തിന്, ഞങ്ങളുടെ സാരഥിയും, മുൻ സീറ്റിലെ സഹയാത്രികനായ നാസർ പല്ലച്ചിയും ചേർന്ന് അന്തിമ രൂപം നൽകിയത്. പച്ചപ്പിന്റെ പ്രകൃതി അനുഭവങ്ങളിലേക്ക് മനുസ്സു തുറന്ന് ഞങ്ങൾ നാലു പേർ പിൻ സീറ്റുകളിലിരുന്ന് സമ്മതവും മൂളി. 

നാലു വരിപ്പാതയുടെ സൗകര്യങ്ങളിൽ നിന്നും, ചാലക്കുടി, മലക്കപ്പാറ ഒറ്റവരിപ്പാതയുടെ അസൗകര്യങ്ങളിലേക്ക് കടന്നിട്ടും യാത്രാ സുഖങ്ങൾക്ക് തെല്ലും കോട്ടം തട്ടാതെ ഞങ്ങളുടെ വാഹനം അതിവേഗത്തിൽ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു.  ഞങ്ങളുടെ സാരഥിയുടെ മിടുക്കും മുൻ പരിചയവും തന്നെ അതിനു കാരണം. ലെനിൻ ചേട്ടന്റെ തഴക്കവും, പഴക്കവും ചെന്ന വളയം പിടിക്കലിന്റെ സുരക്ഷിതത്വം ഞങ്ങളുടെ ചർച്ചകൾക്കും, പകൃതി ആസ്വാദനത്തിനും ആക്കം കൂട്ടി. തുമ്പൂർമുഴി ചെക്ക് ഡാമിന്റെ ബോർഡ് കണ്ടതു മുതൽ വാഹനത്തിന് അകത്തു നടക്കുന്ന ചർച്ചകളിൽ നിന്നും ഞാൻ അല്പം വിട്ടു നിന്നു. കാരണം വെറ്റിലപ്പാറ പാലം സഹയാത്രികർക്ക് കാണിച്ചു കൊടുത്ത്, വരുന്ന വഴിയിൽ അങ്കമാലി കഴിഞ്ഞ് മൂക്കന്നൂരു നിന്നും വലത്തോട്ട് തിരിഞ്ഞ് ഏഴാറ്റുമുഖം വഴി വെറ്റിലപ്പാറയിലേക്കുള്ള 14 കീ.മീ. ലാഭത്തെക്കുറിച്ച് പറയണം, ഇതിനായി വലതു ഭാഗത്തേക്കു തന്നെ ഞാൻ നോക്കി ഇരുന്നെങ്കിലും, മുൻ സീറ്റിലിരുന്ന് നാസറിക്ക പാലവും ചൂണ്ടിക്കാണിച്ചു ദൂരക്കുറവിന്റെ കണക്കറിയിച്ചു. വെറ്റിലപ്പാറ മുതൽ വഴിയുടെ വലതു ഭാഗത്തു കണ്ടു തുടങ്ങുന്ന എണ്ണപ്പന കൃഷി, കിലോ മീറ്ററോളം ദൂരം കണ്ണിനും, മനസ്സിനും ഇമ്പമേകി പുറകോട്ട് ഓടുമ്പോൾ, വാഹനത്തിനുള്ളിൽ എണ്ണപ്പന കൃഷിയുടെ ആദ്യകാല വിവാദങ്ങളിലേക്കും, ഇപ്പോഴുള്ള വിളവെടുപ്പിലേക്കും ചർച്ചകൾ കാടുകയറി. 

യാത്ര അതിരപ്പള്ളിയോട് അടുക്കുമ്പോൾ ചാലക്കുടി പുഴ, ഞങ്ങളുടെ എതിർ  ദിശയിലേക്ക് കലങ്ങി മറിഞ്ഞ് ഒഴുകുന്നുണ്ട്. മലനാട്ടിലെ മണ്ണും ചെളിയുമൊലിച്ച് കലങ്ങി മറിഞ്ഞ് ഇളം ചുവപ്പു നിറത്തിൽ ഒഴുകുന്ന പുഴ പാറ കൂട്ടങ്ങളിൽ തട്ടി തിരിയുന്ന ഇടത്തൊക്കെ, തൂവെള്ള നിറത്തിൽ നുരഞ്ഞു പൊന്തുന്ന സൗന്ദര്യം ഒഴുക്കിന്റെ വേഗത കൂടി മനസ്സിലാക്കി തരുന്നുണ്ടായിരുന്നു,  തേക്കു പ്ലാന്റേഷനിൽ കൂടി വളഞ്ഞു, പുളഞ്ഞോടിയ വാഹനത്തിലിരുന്ന് അതിരപ്പള്ളി ചാട്ടത്തിന്റെ ആദ്യ ദൂരക്കാഴ്ചയുടെ ഒരിടം മനസ്സിലുണ്ടായിരുന്നത് കാത്തിരുന്ന ഞാൻ ചർച്ചകളിൽ നിന്നും പൂർണ്ണമായി വിട്ടുനിന്നു.  എണ്ണപ്പനകളുടെ പുറകോട്ടോട്ടം നിലച്ചപ്പോൾ, കൊടും വനത്തിന്റെ വിതാനങ്ങളിൽ കോടമഞ്ഞിൻ കൂട്ടം പറന്നു കയറുന്നിടത്തു നിന്നും ആദ്യമായി കലങ്ങി മറിഞ്ഞ് കുത്തനെ താഴോട്ട് പതിക്കുന്ന വെള്ളച്ചാട്ടം കണ്ണിൽ പെട്ടു.  കണ്ടതു പറയുമ്പോഴേക്കും കുതിച്ചു പാഞ്ഞു പോകുന്ന  വാഹനത്തിന്റെ ഒന്നാമത് ലക്ഷ്യം ഓട്ടൻച്ചത്രം തന്നെ.  വനം വകുപ്പ് വഴി അരുകിൽ ഒരുക്കിയിരിക്കുന്ന, വെള്ളച്ചാട്ടത്തിന്റെ ദൂരക്കാഴ്ചയുടെ മുഴുവൻ സൗന്ദര്യവും കിട്ടുന്നൊരിടത്ത് അല്പം വേഗത കുറച്ചു യാത്ര തുടർന്നു. ചാലക്കുടി പുഴ ഒഴുകി വന്ന് അതിരപ്പള്ളിയിൽ 200 അടി താഴേക്ക് കുത്തനെ പതിക്കുന്ന കാഴ്ച മഴക്കാല ത്ത് ഒഴികെ പകൽ സമയത്ത് എപ്പോഴും തൂവെള്ള നിറത്തിൽ വെയിലേറ്റ് വെട്ടിത്തിളങ്ങും. എന്നാലിപ്പോൾ കലങ്ങി മറിഞ്ഞ് കുത്തിയൊഴുകി താഴേക്ക് പതിക്കുമ്പോൾ, പാറക്കൂട്ടങ്ങൾ തടസപ്പെടുത്തി ഒഴിവു ഉണ്ടാകുന്നിടത്തും, പാറക്കൂട്ടങ്ങളിൽ തട്ടിയൊഴുകുന്നിടത്തും, ഒരു പ്രഭാവലയം പോലെ തൂവെള്ള നിറത്തിൽ നുരഞ്ഞു പൊന്തുന്നത് കാണാം.  താഴെ പതിക്കുന്നിടത്തു നിന്നും പറന്നുയരുന്ന ജലകണങ്ങൾ, കോട മഞ്ഞിനോട് മത്സരിച്ച്  മുകളിലേക്ക് പറന്ന് ഉയരുന്നതും കാണാം.

അതിരപ്പള്ളിയിലെ തിരക്കിന് അല്പം കുറവുണ്ട്. വഴിക്ക് ഇരു വശവും ഉള്ള കച്ചവടക്കാരെല്ലാം കത്തി വെയ്പിനു തയ്യാറായി കാത്തിരിക്കുന്നുണ്ട്, കരിക്കു കച്ചവടക്കാർ പൊടി മഴയത്ത് ഉറക്കം തൂങ്ങിയിരിക്കുന്നു, അതിരപ്പള്ളിയിലൂടെ നടക്കുമ്പോൾ ഭക്ഷണ പൊതികളിലേക്കും, കയ്യിൽ കരുതുന്ന പഴ വർഗ്ഗങ്ങളിലേക്കും ചാടി- പ്പിടിക്കാറുള്ള നമ്മുടെ പൂർവ്വികരിൽ പലരും പണിയൊന്നുമില്ലാതെ താഴെയും മുകളിലുമായി വർഗ്ഗ സ്നേഹത്തിന്റെ തിരക്കിലാണ്.  അതിരപ്പള്ളിയും കടന്ന് വാഴച്ചാൽ ചെക്ക് പോസ്റ്റിനു മുൻപിലാണ് ഞങ്ങളുടെ വാഹനം ആദ്യമായി ഒന്നു നിന്നത്.  ഫോറസ്റ്റ് ഗാർഡ് വാഹനത്തിൽ എത്തി മദ്യക്കുപ്പികളും, പ്ലാസ്റ്റിക് കുപ്പികളും ശരിക്കൊന്നു പരതി, ഒരു തിരിച്ചറിവിന്റെ മുഖ ലക്ഷണം ഞങ്ങൾക്കു നേരെ കാണിച്ചു കൊണ്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ചെക്ക് പോസ്റ്റ് ഉയർത്തി തന്നത്. വൈകീട്ട് ആറു മണി വരെ മാത്രമാണ് വാഴച്ചാൽ ചെക്ക് പോസ്റ്റ് വഴി വാഹനങ്ങൾ മലക്കപ്പാറ ഭാഗത്തേക്ക് കടത്തി വിടുന്നത്.
  

വാഴച്ചാൽ കഴിഞ്ഞാൽ വഴിക്ക് പിന്നെയും വീതി കുറയും. കുണ്ടും, കുഴിയും ഒന്നും ഇല്ലാത്ത റബറൈസ്ഡ് വഴിയുടെ മിനുസത്തിലൂടെയുള്ള യാത്രയിൽ ഏറെ ശ്രദ്ധിക്കേണ്ടത് എതിരേ വരുന്ന വാഹനങ്ങൾ തന്നെ.  അല്പം നേരത്തേ കണ്ടെങ്കിൽ മാത്രമെ സുരക്ഷിതമായി പരസ്പരം കടന്നു പോകുന്നതിന് ഒരിടം കണ്ട് നിറുത്തുവാൻ സാധിക്കുകയുള്ളൂ.  എതിരേ വരുന്ന വാഹനങ്ങൾ നന്നേ കുറവാണ്.  നല്ല മഴ കഴിഞ്ഞിറങ്ങിയ കോടമഞ്ഞിനു നല്ല കട്ടിയുണ്ടായിരുന്നു, അധികം ദൂരക്കാഴ്ച  ഒരുക്കാത്ത യാത്രയിൽ മുഴങ്ങി കേൾക്കുന്ന ഹോണുകൾക്ക് ചെവി വട്ടം പിടിച്ചു വേണം മുന്നോട്ടു പോകുവാൻ.  കയറ്റം കയറി വരുന്ന വാഹനങ്ങളോട് കാണിക്കുന്ന ഗതാഗത മര്യാദകൾ മാത്രമാണ് യാത്രയിൽ ഞങ്ങൾക്ക് മുഴുവനായി ലഭിച്ചത്. ചില വാഹനങ്ങൾ ഇത്തരം നിയമങ്ങൾ ഒക്കെയും കാറ്റിൽ പറത്തി പാഞ്ഞു വരുമ്പോൾ ഹൃദയമിടിപ്പു കൂട്ടുന്ന തരത്തിൽ വാഹനങ്ങൾ പരസ്പരം അടുക്കും.  ഞങ്ങളുടെ സാരഥിയുടെ മിടുക്കു കൊണ്ട് തടസങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.  അടുത്ത പരിചിത സ്ഥലം നോക്കി ഇ രുന്നപ്പോൾ ചാർപ്പ വെള്ളച്ചാട്ടവും, പഴയ ഇരുമ്പു പാലവും കടന്ന് പെരിങ്ങൾക്കുത്തു ഡാമും, ഷോളയാർ ഡാമും എത്തിയത് അറിഞ്ഞില്ല. 




പ്രകൃതി ഒരുക്കിയ വിരുന്ന് അനുഭവിച്ച്  പൊകുന്ന യാത്രയിൽ ചർച്ചകൾക്ക് അല്പം ചൂട് കുറഞ്ഞിരുന്നു.  ഷോളയാറിലേക്കും, മലക്കപ്പാറയിലേക്കും മുൻപ് നടത്തിയിട്ടുള്ള യാത്രാ അനുഭവ- ങ്ങളിലേക്ക് ചിന്തകളും ചർച്ചകളും വഴി മാറി. നിറഞ്ഞു കവിഞ്ഞ പെരിങ്ങൽക്കുത്തും, ഷോളയാറും മനസ്സിൽ അല്പം ഭീതി വിതക്കുന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ ഷോളയാർ നിറഞ്ഞു തുളുമ്പി വഴിക്കൊപ്പം എത്തിയിരിക്കുന്നു.  വാഴച്ചാൽ കഴിഞ്ഞയുടൻ ഞങ്ങൾ അകപ്പെട്ട കോടമഞ്ഞിൽ നിന്നും പുറത്തു കടക്കാൻ മലക്കപ്പാറയിൽ എത്തിയിട്ടും കഴിഞ്ഞില്ല.   മലക്കപ്പാറയിൽ ഇറങ്ങി ചൂട് ചായയും, സോഡാ പൊടി ചുവയുള്ള സവാള വടയും കഴിച്ച്, ഇന്ധനം നിറച്ച പ്രതീതിയിലാണ്, ഞങ്ങളേവരും അവിടെ നിന്നും വാങ്ങിയ, കപ്പലണ്ടി മിഠായികൾ കൊറിച്ചു യാത്ര തുടർന്നത്. മലക്കപ്പാറ എസ്റ്റേറ്റിനു നടുവിലെ ചെക്ക് പോസ്റ്റിലും വിശദമായ വാഹന പരിശോധന നടന്നു. മദ്യക്കുപ്പികളാണ് ഏറ്റവും സൂക്ഷ്മമായി പരിശോധിക്കുന്നത്. പേരിനു പോലും ഇല്ലാതിരുന്ന ഒരു സാധനം തിരക്കിട്ടു തിരയുന്ന നിയമ പാലകരുടെ മുഖം പലപ്പോഴും ഞങ്ങൾക്ക് ചിരിക്കു വകയായി. കാരണം മുൻ അനുഭവങ്ങൾ തന്നെ. മദ്യ കുപ്പിയൊരെണ്ണം കണ്ടെടുത്താൽ ഒരു പുകിലുണ്ടാക്കി ഒരു രത്രിക്കുള്ളത് ഒപ്പിക്കാമെന്ന വ്യാമോഹം തന്നെയാണ് അവരുടെ തിടുക്കത്തിനു കാരണവും. അധികം ദൂര വ്യത്യാസം ഇല്ലാതെ രണ്ടു ചെക്ക് പോസ്റ്റുകൾ,  രണ്ടാമത് ചെക്ക് പോസ്റ്റ് കടന്നാൽ അപ്പർ ഷോളയാർ ഡാം കണ്ടു തുടങ്ങും. ഡാമും കടന്നുള്ള യാത്ര വാൽപ്പാറ വരെ തടാക കരയിലൂടെയാണ്.  ഇരുട്ടു വീണു തുടങ്ങിയതിനാൽ കാഴ്ച മറഞ്ഞിരുന്നു. പകൽ ഒരിക്കൽ ആ വഴിയിലൂടെ യാത്ര ചെയ്ത ഏതൊരാൾക്കും ആ തടാകക്കരയുടെ സൗന്ദര്യം മനസ്സിൽ മായാതെ നിൽക്കും.

അതിർത്തി കടന്നാൽ ആദ്യം ഏറ്റവും ജനത്തിരക്കുള്ള പട്ടണം വാൽപ്പാറയാണ്, തമിഴ് മണ്ണിലെ അറിയപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം, ഒരു നഗരത്തിന്റെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി തന്നെയാണ് വാൽപ്പാറ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. വാൽപ്പാറ നിന്നും താഴോട്ട് ആളിയാർ വരെയുള്ള യാത്ര 42 മുടിപ്പിൻ വളവുകൾ ഉള്ള ചുരം ഇറങ്ങിയാണ്. വളവുകൾ തമ്മിലുള്ള ദൂരം നന്നേ കുറവാണ്. ദക്ഷിണ ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ചുരങ്ങൾ അപൂർവ്വമാണ്. ചുരമിറങ്ങാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് തോന്നിയ മനം മറിച്ചിലിന് കാരണം വിശ്രമം ഇല്ലാതെ കൊറിച്ചൊതുക്കിയ കപ്പലണ്ടി മിഠായികൾ തന്നെ ആയിരുന്നു. 29/42 നമ്പർ പതിപ്പിച്ച മുടിപ്പിൻ വളവിൽ ആളിയാറിന്റെ സൗന്ദര്യം ആസ്വദിക്കാൻ പുറത്ത് ഇറങ്ങിയതാണ് ഞങ്ങൾ. നിരത്തിലിറങ്ങിയ ഞാൻ എരൂർ മുതലുള്ള ഭക്ഷണ വസ്തുക്കൾ ഉറയൂരി പുറത്തു വിട്ടു. പുറം തടവിത്തരുന്ന സഹയാത്രികന്റെ സഹായത്താൽ മുന്നോട്ടഞ്ഞു നിന്നു തുറന്നടിച്ചതു കൊണ്ട് മനം മറിച്ചലിനൊരു ഒടുക്കമുണ്ടായി. 

അടുത്ത അടുത്തുള്ള വളവുകൾ ഇടം വലം തിരിഞ്ഞ് ഇറങ്ങുമ്പോൾ, തമിഴ് മണ്ണിലേക്കുള്ള തുറന്ന കാഴ്ചകളും ഇടതും വലതുമായി മാറി മാറി വരും. ഞങ്ങൾ നിൽക്കുന്നിടത്ത് വഴിയുടെ ഇടതു ഭാഗത്തെ കാഴ്ചകളിൽ ചുരത്തിനു താഴെ നിറഞ്ഞു തുളുമ്പാറായ ആളിയാർ ഡാം, പിന്നെ ചക്രവാളത്തോളം മിന്നി- ത്തിളങ്ങുന്ന ഗ്രാമങ്ങളും, പട്ടണങ്ങളും. ആളിയാർ കഴിഞ്ഞ് കീലോ മീറ്ററുകൾ ദൂരം പരന്നു കിടക്കുൻ തമിഴ് മണ്ണിലെ ദീപക്കാഴ്ചകൾ കണ്ടു നിൽക്കുമ്പോൾ അവിശ്വസനീയതയുടെ ഒരു തിരയിളക്കം നമ്മിൽ എല്ലാവരിലും ഉണ്ടാകും. രാത്രിയിലെ കാഴ്ചകളെ അപേക്ഷിച്ച് പകൽ സമയം വളരെ വ്യത്യസ്തമായ ഒരു കാഴ്ചയാണ് ചുരത്തിനു മുകളിൽ നിന്നും ലഭിക്കുക കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന കൃഷിഭൂമികൾ, ഫലവൃക്ഷങ്ങളും, പച്ചക്കറിയും, ചെറു കളങ്ങളായി തോന്നുന്ന നെൽക്കൃഷിയും ഒക്കെ വേർതിരിച്ചു തന്നെ കാണാം. ഉടുമല്പേട്ടും, പൊള്ളാച്ചിയും ഒക്കെ തിരിച്ചറിയാം. തമിഴ് നാട്ടിലെ ഏറ്റവും വലിയ ജലസേചന ഡാമായ ആളിയാറിൽ നിന്നും കാനാലുകളിൽ കൂടി കൃഷി ഭൂമികളിലേക്ക് ജലം എത്തിക്കുന്നതും കാണാം, ചുരത്തിനു മുകളിൽ നിന്നും നോക്കുമ്പോൾ കാണുന്ന നാളികേര കൃഷി കേരം തിങ്ങും കേരളനാടിനെ കടത്തി വെട്ടുന്ന തരത്തിലുള്ളതാണ്.

എനിക്ക് ആളിയാറിന്റെ രാത്രി കാഴ്ചകളാണ് കൂടുതൽ ഇഷ്ടം. താഴെ കാണുന്ന ആളിയാർ ഒരു സമുന്ദ്രത്തിന്റെ പ്രതീതിയാണ് രാത്രി കാലങ്ങളിൽ നമുക്ക് നൽകുക, മുകളിൽ നിന്നും നോക്കുമ്പോൾ ആളിയാറിന്റെ ഒരു കര മാത്രമാണ് കാണുക, അതും നീളത്തിൽ തടയിണ കെട്ടി ആളിയാറിനെ തടഞ്ഞു നിറുത്തിയിരുക്കുന്ന ഭാഗം. അതിനു മുന്നിലായി ജനവാസം അധികമില്ലാത്ത ഇടങ്ങളാണ്, അതും കഴിഞ്ഞാൽ കണ്ണെത്താ ദൂരം ദീപക്കാഴ്ചകൾ, ആളിയാർ മുതൽ ചക്രവാളം വരെ ഒരുക്കുന്ന കാഴ്ചകളിൽ, കടലും, ഒരു തീരവും, പിന്നെ ഗ്രാമങ്ങളും, പട്ടണങ്ങളും പോലെ. ഉയരങ്ങളിൽ നിന്നും നോക്കുമ്പോൾ കടലും, കരയും തരുന്ന കാഴ്ചകൾക്കു തുല്യമായി തന്നെ തോന്നും ചുരത്തിനു മുകളിൽ നിന്നുമുള്ള തുറന്ന കാഴ്ചകൾ, 42 മുടിപ്പിൻ വളവുകൾ പിന്നിടുന്നതു വരെയും ദൂരക്കാഴ്ചകൾക്ക് ഭംഗി കൂടിക്കൂടി വന്നു.   പിന്നിടങ്ങോട്ട് മനോഹരമായ ആ ദീപക്കാഴ്ച മരച്ചാർത്തുകൾക്ക് ഇടയിലേക്ക് മറഞ്ഞു തുടങ്ങി.  5-10 മിനുട്ടു കൊണ്ടു തന്നെ ഇറക്കം അവസാനിച്ച് സമതലമായ വഴിയിലൂടെ ഞങ്ങളുടെ വാഹനം കുതിച്ചു പാഞ്ഞു തുടങ്ങി. 

മല നാടുകൾ സുരക്ഷിതമായി പൂർത്തിയാക്കിയ  യാത്രയിൽ, വെറ്റിലപ്പാറ മുതൽ 120 കീ.മീറ്ററോളം ദൂരം തിരിച്ചും, മറിച്ചും വളയം കറക്കിയിരുന്ന ഞങ്ങളുടെ സാരഥിക്ക് അല്പം അശ്വാസം തരുന്ന വഴികളായിരുന്നു പിന്നീടങ്ങോട്ട്. ആളിയാർ കഴിഞ്ഞ് പൊള്ളാച്ചിക്കുള്ള വഴിയിൽ ആദ്യമെത്തുന്ന ഒരു നാൽക്കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് പോള്ളാച്ചിയും, ഉടുമല്പേട്ടും, തൊടാതെ പഴനി വരെയുള്ള ഹ്രസ്വദൂര യാത്ര ഉറപ്പാക്കി.  തമിഴ് മണ്ണിലെ തനത് ഗ്രാമങ്ങളിലൂടെ കടന്നു പോകുന്ന അല്പം വീതി കുറഞ്ഞ വഴിയാണെങ്കിലും കുണ്ടും, കുഴിയും ഒന്നും ഇല്ലാത്ത നല്ല നിരപ്പായ മാർഗ്ഗം തന്നെയായിരുന്നു പഴനി എത്തും വരെ. ഗ്രാമ അന്തരീക്ഷങ്ങളിലൂടെയുള്ള ഒരു മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ മുതൽ മുരുകന്റെ പഴനി മലയിലെ ദീപാലങ്കാരങ്ങൾ കണ്ടു തുടങ്ങി.  ഉയർന്നു നിൽക്കുന്ന പഴനി മലയിലെ ദീപാലങ്കാരങ്ങൾ 10-15 കീ.മീ മുൻപു മുതൽ കണ്ടു തുടങ്ങാം.  പഴനിക്ക് കുറച്ചു മുൻപ് ഞങ്ങൾ സഞ്ചരിച്ചിരുന്ന വഴി പൊള്ളാച്ചി-പഴനി സംസ്ഥാന ഹൈവേയിലേക്ക് ചേർന്നു.  പഴനി മല എത്തുന്നതിനു തൊട്ടു മുൻപായി വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസിലൂടെ ഒട്ടൻചത്രത്തിലേക്കു ലക്ഷ്യം വെച്ചു. പഴനിക്കും, ഡിണ്ടിഗലിനും ഇടയിലാണ് ഒട്ടൻച്ചത്രം. 

പഴനി കഴിഞ്ഞപ്പോൾ തുടങ്ങിയ അത്താഴ ചർച്ചകൾ അവസാനിപ്പിച്ചത് ഹൈവേയുടെ അരുകിൽ ഒരു വെജിറ്റേറിയൻ ഹോട്ടലിനു മുൻപിൽ വഹനം ഒതുക്കിയപ്പോഴാണ്.  ദോശയും, ചപ്പാത്തിയും, ഊത്തപ്പവും ഒക്കെ കൂടി ഒരു ഗംഭീര അത്താഴം തന്നെ തരപ്പെട്ടു. 3 തരം ചട്നിയും, സാമ്പാറും, ചപ്പാത്തി പ്രേമികൾക്ക് ചന്നാ മസാലയും. മലയാളത്തനിമ വെല്ലുന്ന രുചിക്കൂട്ട്. അത്താഴം നിയന്ത്രിച്ചു കഴിച്ചിരുന്നവർ പോലും വയർ നിറയെ കഴിച്ചു.  പഴനിയിൽ നിന്നും ഏകദേശം 30 കീ.മീ താഴെയാണ് ഒട്ടൻച്ചത്രം വരെയുള്ള ദൂരം. രാത്രി പത്തരയോടെ ഞങ്ങൾ ഒട്ടൻച്ചത്രം പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ചന്തയിലേക്ക് എത്തി.  നഗരത്തിന്റെ തിരക്കുകൾ ഒന്നും ഒഴിഞ്ഞിട്ടില്ല. മാർക്കറ്റിനകത്തും, പുറത്തും ഭക്ഷണശാലകളിൽ തന്നെയാണ് തിരക്ക് കൂടുതലും.  നല്ല തിരക്കുള്ള ഒരു പട്ടണം തന്നെയാണ് ഒട്ടൻച്ചത്രം, വലിയ ബസ് സ്റ്റാൻഡ്, നിറയെ വാഹനങ്ങൾ, നല്ല ജനത്തിരക്കും.

മാർക്കറ്റിനകത്ത് ഒരു ദിവസത്തിന്റെ തിരക്കുകൾ മുഴുവൻ ഒതുങ്ങിയ ലക്ഷണമാണ്.  കുറച്ചു വാഹനങ്ങൾ, അതിൽ ചിലതിൽ ചരക്ക് കയറ്റി അടുക്കി വയ്ക്കുന്നു, ഒന്നു രണ്ടു ലോറികളിൽ നിന്നും ചരക്ക് ഇറക്കുന്നുമുണ്ട്.  ഭക്ഷണശാലകളും, 4-5 പച്ചക്കറി കേന്ദ്രങ്ങളും മാത്രം തുറന്ന് കിടക്കുന്ന ചന്ത.  ചുമട്ടു തൊഴിലാളികളും, ചില ഏജന്റുമാരും ഞങൾക്കു ചുറ്റും വട്ടമിട്ട് നടക്കാൻ തുടങ്ങി. ചന്തയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നവരാണ് ഏറ്റവും തിരക്കിട്ട് ജോലി ചെയ്യുന്നവർ.   ആഗസ്റ്റ് അവസാന വാരം ഞാൻ ഒഴികെ മൂന്ന് സഹയാത്രികർ ഇവിടുത്തെ കാർഷിക മേഖലകൾ പഠിച്ച്, ശേഖരണ തന്ത്രങ്ങൾ മനസ്സിലാക്കിയിരുന്നു.  അന്നു പരിചയപ്പെട്ട ശെൽവനെയും, നവീനെയും മാർക്കറ്റിൽ വെച്ച് കണ്ടുമുട്ടി.  അന്നേ ദിവസത്തെ വിലകളെല്ലാം ഞങ്ങൾ ചോദിച്ച അറിഞ്ഞു. ഓണം അടുത്തു വന്നതിന്റെ വിലക്കയറ്റം അവിടെയും ബാധിച്ചിരുന്നു.  ഞങ്ങൾ യാത്ര തിരിക്കുന്നതിനു മുൻപ് കേരളത്തിലെ പ്രധാന മൊത്ത വില്പന കേന്ദ്രങ്ങളിലെ വിലകളും, സർക്കാർ സഹകരണ കേന്ദ്രങ്ങളിലെ വില വിവരങ്ങളും ശേഖരിച്ചിരുന്നു. ചില വില- യിരുത്തലുകൾക്കും, ചർച്ചകൾക്കും ശേഷം ഞങ്ങളുടെ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസ- ത്തോടെ അവിടെ നിന്നും അര കിലോ മീറ്റർ മാറി പുതിയ മേൽ പാലത്തിനു സമീപം ഒരു ലോഡ്ജിൽ മുറിയെടുത്തു.
  
 മൻസ്സു മുഴുവൻ ശുഭ പ്രതീക്ഷ ആയിരുന്നതു കൊണ്ടാകാം ഞങ്ങളുടെ രാത്രി വിശ്രമം വളരെ സ്വസ്ഥമായിരുന്നു.  ഏതു യാത്രയിലും, എത്ര വൈകി ഉറങ്ങിയാലും അതിരാവിലെ എഴുന്നേൽക്കുന്ന എന്റെ ശീലം ഒട്ടൻച്ചത്രത്തിലും ആവർത്തിച്ചു.  നേരം പുലർന്ന് കിഴക്കിന്റെ പ്രഭാവം കണ്ടപ്പോഴാണ് ഒട്ടൻച്ചത്രത്തി- ന്റെ ഭൂമിശാസ്ത്രം ശരിയായി മനസ്സിലായത്.  നാലുപാടും ചെറു മലകളാൽ ചുറ്റപ്പെട്ട ഒരു സമതല പ്രദേശം.  തെക്കു പടിഞ്ഞാറു ഭാഗത്തേക്ക് നീണ്ടു കിടക്കുന്ന മല നിരകൾക്ക് ഉയരവും പച്ചപ്പും കൂടുതലാണ്. ഈ മല നിരകളിൽ കൂടി, താമസിക്കുന്ന ലോഡ്ജിന്റെ മിന്നിലുള്ള പണി തീരാത്ത  മേൽ പാലത്തിനടിയിലൂടെ പരപ്പിലാറു ഡാം വഴി, കൊടൈക്കനാലിലേക്ക് ഒരു മാർഗ്ഗമുണ്ട്. 


  മൂന്നാം നിലയിൽ നിന്നും താഴെയിറങ്ങി ചായയും, ബണ്ണും, മൈസൂർപ്പാവുമൊക്കെ കഴിച്ചു, എല്ലാം വളരെ രുചികരം, വിലയും അല്പം കുറവുണ്ട്. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് ഏഴു മണിയോടു കൂടി എല്ലാവരും മാർക്കറ്റിലേക്ക് പോകുവാനായി തയ്യാറായി. മാർക്കറ്റിനകത്തേക്ക് കയറുന്നതിനു മുൻപു തന്നെ പ്രഭാത ഭക്ഷണവും കഴിച്ചു. മാർക്കറ്റിനകത്ത് ഒട്ടും തിരക്കായിട്ടില്ല. 3-4 തമിഴ് ലോറികൾ ചരക്കിറക്കുന്നു, ചെറുവണ്ടികളും, ട്രക്റ്റർ വണ്ടികളും കുറച്ചുണ്ട്. രാവിലെ മുതൽ വിളവെടുപ്പു ഫലങ്ങൾ എത്തി തുടങ്ങിയിട്ടുണ്ട്, പച്ചക്കറികൾ പലതും ഞെട്ടറ്റതിന്റെ ഈർപ്പം മാറിയിട്ടില്ല. അവിടെ ഒരാൾ പോലും ഞങ്ങളെ പ്രലോഭനങ്ങളും, പരസ്യ വാചകങ്ങളും, പറഞ്ഞ് ശല്യം ചെയ്തില്ല.  കൂട്ടിയിട്ടിരിക്കുന്ന പച്ചക്കറികൾക്കു മുന്നിൽ വിലയും, തൂക്കവും പറയാൻ മാത്രം ചിലർ നിൽക്കുന്നു.

ചന്തയിൽ എത്തുന്ന വിഭവങ്ങൾക്കെല്ലാം നിത്യവും മുൻ കൂട്ടി നിശ്ചയിച്ച ഉപഭോക്താക്കളുണ്ട്.  ഒന്നും ഒരു പകലിൽ കൂടുതൽ വിറ്റു പോകാനായി കത്തിരിക്കേണ്ട ആവശ്യം വരാറില്ല.  പരസ്യവും, വില പേശലും ഒന്നും ഇല്ലാതെ തന്നെ കച്ചവടം പൊടി പൊടിക്കുന്നുണ്ട്.  പല സാധനങ്ങളുടേയും വിലകൾ നിശ്ചയിക്കുന്നത് വൈകുന്നേരം 4 മണിക്ക് ശേഷമാണ്.  എന്നാൽ 4 മണി കഴിഞ്ഞ് വാങ്ങിക്കൂട്ടാം എന്നു കരുതിയാൽ ഗുണ നിലവാരം കൂടിയതൊന്നും കിട്ടണമെന്നില്ല. അതുകൊണ്ടു തന്നെ ഞങ്ങളും രാവിലെ മുതൽ എത്തി തുടങ്ങിയ പച്ചക്കറികൾ പലതും ആവശ്യാനുസരണം ശേഖരിച്ച് പേരെഴുതി വെച്ചു.  ഞങ്ങൾക്ക് ഒരു സഹായിയെ കിട്ടിയിരുന്നു.  തലേ ദിവസം ഞങ്ങളുടെ നേരായ താല്പര്യങ്ങളും, ലക്ഷ്യങ്ങളും മനസ്സിലാക്കി ഞങ്ങളോട് സഹകരിക്കാൻ തായ്യാറായ നവീൻ.  ഞങ്ങൾ തിരഞ്ഞെടുക്കുന്ന പലതിന്റെയും ഗുണ നിലവാരം നവീൻ പൽപ്പോഴും ചൂണ്ടിക്കാണിച്ചു തരും. പച്ചക്കറി വിപണിയിലെ കുതന്ത്രങ്ങൾ പലതും നവീനാണ് ഞങ്ങൾക്ക് മുന്പിൽ തുറന്നു കാണിച്ചു തന്നത്.  ഞങ്ങൾ തിരഞ്ഞെടുത്ത ചേന നവീൻ വങ്ങേണ്ട എന്നു പറഞ്ഞപ്പോൾ ഞങ്ങളോന്നു ഞെട്ടിയതാണ്. കാരണം അത്രക്ക് വില കുറവായിരുന്നു. ചാക്കിൽ നിറച്ചിരുന്ന ചേനകൾ പുറത്ത് എടുത്തപ്പോൾ പലതിന്റെയും കൂമ്പു ഭാഗം ചീഞ്ഞിരിക്കുന്നു.  നല്ല ചേനയും, ഇഞ്ചിയും കേരളത്തിൽ തന്നെയാണ് നല്ലതെന്ന നവീന്റെ അഭിപ്രായത്തോട് യോജിച്ചതുകൊണ്ട് അവ രണ്ടും അവിടെ നിന്നും വാങ്ങുന്നത് ഞങ്ങൾ ഉപേക്ഷിച്ചു. അപ്പോൾ തന്നെ നാട്ടിലേക്ക് വിളിച്ച് ചേനയും, ഇഞ്ചിയും, മൊത്ത വ്യാപാര വിലക്കു തന്നെ കച്ചവടം ഉറപ്പിക്കാൻ 10 മിനിട്ടു കൊണ്ട് നാസറിക്ക ആളെ ഏർപ്പാടാക്കി.  ഒട്ടൻച്ചത്രത്തിൽ നിന്നും വാങ്ങൽ നടപടികൾ പൂർത്തിയാകുന്നതിനു മുപു തന്നെ ദ്വീപിലെ ഞങ്ങൊളൊരുക്കിയ വിപണന കേന്ദ്രത്തിൽ ഗുണമേന്മയുള്ള ചേനയും, ഇഞ്ചിയും എത്തിച്ചേർന്നു.
 
 
ഉച്ചയൂണിനു മുൻപ് വരെ ചന്തയിൽ എത്തിയ വിഭവങ്ങളെല്ലാം തന്നെ ശേഖരിച്ചു കഴിഞ്ഞിരുന്നു.  ഓണ സദ്യയിലെ പ്രധാനികൾ പലതും ഉച്ച കഴിഞ്ഞ് എത്തുന്നവയായിരുന്നു. പയർ, ബീൻസ്, വെണ്ടക്ക മുതലായവയിൽ പലതും ഇതിൽ പെടും.  ഉച്ചയൂണു കഴിഞ്ഞു 3 മണിക്കു മുൻപായി ഞങ്ങൾ വീണ്ടും ചന്തയിൽ സജീവമായി. തിരക്ക് വളരെ കൂടിയിരുന്നു, ലോറികൾ നിരനിരയായി ലോഡിറക്കുന്നു. ഏതെങ്കിലും ഒരു വിഭവം മാത്രമായി എത്തുന്ന ചെറു വണ്ടികളും കുറവല്ല.  വിപണിയിൽ ആവിശ്യക്കാർ ഏറെയുള്ളതും, എന്നാൽ അളവിൽ കുറവുള്ളതുമായവ പയറും, ബീൻസും റേഷൻ വിതരണം പോലെ ആയിരുന്നു  വില്പന.  60-70 കിലോ വരുന്ന ഒരു ചാക്ക് പയർ മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. നവീന്റെ ഇടപെടൽ കൊണ്ട് ഒന്നു കൂടി കിട്ടി.  നവീന് പ്രതിദിനം 5-6 ചാക്ക് പയറും ബീൻസും കേരളത്തിലേക്ക് എത്തിക്കുവാനായി ആവശ്യമുണ്ട്.  അതിൽ നിന്നും ഒന്നു കൂടി തന്ന് സഹായിച്ചു.  4 മണി ആയപ്പോഴേക്കും തിരക്ക് വളരെ കൂടി. ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് എത്തുവാൻ എടുക്കുന്ന സമയം മൂന്ന്, നാല് ഇരട്ടിയായി. ഉച്ചയൂണു വരെ ഇടക്കൊക്കെ കൂട്ടം തെറ്റി ഒറ്റക്കു കറങ്ങിയിരുന്ന എനിക്ക് ഊണു കഴിഞ്ഞതോടെ അതിനുള്ള സ്വതന്ത്ര്യം നഷ്ടമായി കാരണം ഞങ്ങളുടെ പക്കലുണ്ടായിരുന്ന രൂപ മുഴുവൻ എന്റെ പുറത്ത് തൂക്കിയിരുന്ന ബാഗിലായിരുന്നു. സൂക്ഷിക്കണം എന്ന് ഒരോരുത്തരും മാറി മാറി പറയുന്നുണ്ടായിരുന്നു. 



തിരക്കിനിടയിൽ നമ്മുടെ നാട്ടിലെ പനങ്ങാടു ഭാഗത്ത് കുടുംബ ശ്രീ നടത്തുന്ന ഓണം സ്റ്റാളിലേക്ക് പച്ചക്കറികൾ ശേഖരിക്കാൻ എത്തിയ കുടുംബ ശ്രീ പ്രവർത്തകരായ രഞ്ചിത്തിനെയും, ഹരിദാസ്സി- നെയും പരിചയപ്പെട്ടു.  സർക്കാർ സഹകരണ പ്രസ്ഥാനങ്ങളെക്കാൾ വിലക്കുറവിൽ പച്ചക്കറികൾ നാട്ടിൽ വിതരണം ചെയ്യുവാനാണ് അവരും എത്തിയിരിക്കുന്നത്.  നാട്ടിൽ നിന്നും ലോറിയുമായി എത്തിയ അവർക്ക് 3-4 ടൺ പച്ചക്കറിയേ ഉണ്ടായിരുന്നുള്ളൂ.  അതുകൊണ്ടു തന്നെ ഞങ്ങൾ ശേഖരിച്ച 5-6 ടൺ കൂടി അവരുടെ 12 ടൺ ശേഷിയുള്ള വാഹനത്തിൽ നാട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്ന ഉറപ്പ് അവർ തന്നതോടെ രാവിലെ ഞങ്ങൾ ഏർപ്പാടു ചെയ്ത വാഹനം വേണ്ടെന്നു പറയുവാൻ തിരുമാനമായി.   കുടുബ ശ്രീക്കാരുടെ ലോറിയിൽ ചരക്ക് കൊണ്ടു വന്നാൽ ഇരു കൂട്ടർക്കും ഗതാഗത ചിലവിനത്തിൽ ലഭിക്കുന്ന ലാഭം, നാട്ടിലെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന ഞങ്ങളുടെ ഉദ്ദേശ ലക്ഷ്യം മനസ്സിലാക്കിയ നവീൻ യാതൊരു മടിയും കൂടാതെ ഞങ്ങൾ പറഞ്ഞ് ഉറപ്പിച്ചിരുന്ന വാഹനം വേണ്ടന്നറിയിച്ചു.

വിലപേശൽ അധികമില്ലാത്ത ഒട്ടൻച്ചത്രത്തിൽ ചേമ്പ്, വഴുതന, ഉള്ളി, സവാള, ഉരുളൻ, തുടങ്ങിയ ചില സാധനങ്ങൾക്ക് കടുത്ത വിലപേശൽ ഉണ്ടായിരുന്നു.   ഗുണ നിലവാര പട്ടിക അനുസരിച്ച് മുന്തിയ ഇനത്തിനു തന്നെ വില പേശിയില്ലെങ്കിൽ കുറഞ്ഞ വിലക്ക് ഗുണ നിലവാരം കുറഞ്ഞത് പറഞ്ഞുറപ്പിക്കാൻ ഇടയുണ്ടെന്ന്, നവീൻ ഞങ്ങൾക്ക് നൽകിയ ഉപദേശം ഇത്തരം ചില സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിലും സഹായകമായി.  സന്ധ്യക്കു മുൻപു തന്നെ പാവക്ക, കാരറ്റ്, സവാള, ഉരുളൻ എന്നിവ ഒഴികെ, വേപ്പിലയും, മല്ലിയിലയും അടക്കം 22 ഇനങ്ങൾ ആവിശ്യാനുസരണം ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞിരുന്നു. സവാളയും, ഉരുളക്കിഴങ്ങും ഗുണത്തിലും, വിലയിലും കൂടുതൽ മിച്ചം പൊള്ളാച്ചിയാണെന്ന് നവീനാണ് പറഞ്ഞു തന്നത്. പൊള്ളാച്ചിയിലെ വിലകൾ വിളിച്ചു ചോദിച്ചപ്പോൾ കിലോക്ക് 5 രൂപ മുതൽ 10 രൂപ വരെ അവിടെ വില കുറവ് ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. കൂടാതെ കാരറ്റും അവിടെ ലഭിക്കുമെന്ന് ഉറപ്പായി. 
   
ഒട്ടൻച്ചത്രത്തിൽ കാരറ്റ് ഉൾപ്പടെ ചില സാധനങ്ങൾ മുൻ കൂട്ടി ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് എത്തി- ച്ചേരുന്നത്. കുടുംബ ശ്രീ അംഗങ്ങൾ ഒരു ഏജന്റ് മുഖേന നേരത്തെ ഓർഡർ ചെയ്തിരുന്നു. ഇതെല്ലാം വരുന്നത് ഊട്ടി, മേട്ടുപ്പാളയം ഭാഗത്തു നിന്നുമാണ്. അവിടെ നിന്നും വരുന്ന ലോറികൾ എത്തുന്നത് രാത്രി 9 മണിക്കു ശേഷമാണ്. ലോറികളെത്തി അതിൽ നിന്നും ഇറക്കുന്ന പച്ചക്കറികൾ കൂടി ശേഖരിച്ചാലേ കുടുംബ ശ്രീ അംഗങ്ങളുടെ നാട്ടിലേക്കുള്ള മടക്കയാത്ര നടക്കുമായിരുന്നുള്ളൂ.  ഈ കാരണത്താൽ ഞങ്ങൾ സഹയാത്രികർ രണ്ടായി പിരിയാൻ തിരുമാനിച്ചു.  ഞാൻ കുടുംബ ശ്രീ അംഗങ്ങളുടെ ലോറിയിലും, അവരിൽ ഒരാളായ രഞ്ജിത്ത് ഇന്നോവയിലും.

  പൊള്ളാച്ചിയിൽ എത്തി സവാളയും, കിഴങ്ങും ശേഖരിച്ച്, ഞങ്ങൾ ലോറിയുമായി പൊള്ളാച്ചിയിൽ എത്തിയാലുടൻ  ചരക്കുകൾ കയറ്റി നാട്ടിലേക്കു പുറപ്പെടാനുള്ള തയ്യാറെടുപ്പകൾക്കായി 9 മണിക്കു മുൻപ് തന്നെ അവർ പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു.  കുടുംബ ശ്രീ ലോറിയുടെ സാരഥി സുധിയും, പ്രവർത്തകനായ ഹരിദാസും ആയിരുന്നു എന്റെ പുതിയ കൂട്ടുകാർ.  9 മണിക്കു മുൻപു തന്നെ ഇരുകൂട്ടരുടെയും പച്ചക്കറികൾ മുഴുവനും ലോറിയിലേക്ക് കയറ്റി കഴിഞ്ഞിരുന്നു. ചതഞ്ഞും, ചീഞ്ഞും പോകുന്നവ മുകളിൽ കയറ്റു വാ- നുള്ള നിർദ്ദേശം ഞങ്ങൾക്കും, ചരക്കു കയറ്റുന്ന തൊഴിലാളികൾക്കും ഇടക്കിടെ നവീൻ നൽകുന്നുണ്ടായിരുന്നു.  9 മണിമുതൽ മേട്ടുപ്പാളയം ലോറിക്കായുള്ള കാത്തിരിപ്പു തുടങ്ങി.
  
വിശ്രമത്തിന് ഇടയിൽ  രുചികരമായ അത്താഴവും കഴിച്ചു. വൈകുന്നേരങ്ങളിൽ മുഴുവൻ അവിടെ മുഴങ്ങി കേട്ട ഒരു ശബ്ദമേളം, രണ്ടു കൈകളിലും വക്കുകൾ മൂർച്ചയുള്ള സ്റ്റീൽ ഗ്ലാസ്സുകൾ കൊണ്ട് അടുപ്പത്തിരിക്കുന്ന ചുട്ടുപഴുത്ത ഇരുമ്പു തകിടിൽ പൊറോട്ടാ നിരത്തി അതിൽ ഗ്ലാസ്സു കൊണ്ട് കൊത്തിനുറുക്കി ഉണ്ടാക്കുന്ന കൊത്തു പൊറോട്ടയുടെ താളം. അത്താഴത്തിന് ആ താളമേള കടയിലേക്ക് എന്നെ ആകർഷിച്ചത് കൊത്തു പൊറോട്ടയുടെ രുചി അറിയാനായിരുന്നു.  2-3 പൊറോട്ടകൾ നിരത്തി അതിനു മുകളിൽ ഒരു കട്ടിയുള്ള ചാറൊഴിച്ച്, രണ്ടു കയ്യിലുമുള്ള ഗ്ലാസ്സുകൾ കൊണ്ട് ഒരു പ്രത്യേക താളത്തിൽ കൊത്തിയാണ് കൊത്തു പൊറോട്ട തയ്യാറാക്കുന്നത്.  ഒരു പ്ലേറ്റ് തയ്യാറാക്കാൻ 1-2 മിനിട്ട് കൊത്തു മതി, ചുട്ടു പഴുത്തിരിക്കുന്ന ഇരുമ്പു തകിടിലെ ഒരോ കൊത്തു പൊറോട്ടയുടെയും അവസാന ഘട്ടത്തിൽ പാണ്ടിമേളം മുറുകുന്നതു പോലെ ഒരു താളത്തിൽ ഗ്ലാസ്സു കൊണ്ടുള്ള കുത്തൽ താളം മുറുകുമ്പോൾ ചെറു കഷണങ്ങളായി, ഒഴിച്ച ചാറുമായി കൂടിച്ചേർന്ന് ഒരു പുതിയ വിഭവം തയ്യാറെടുക്കുന്നു. താളവും, മേളവും, മണവും തെല്ലൊന്നുമല്ല ആ കടയിലേക്ക് ആളുകളെ ആകർഷിക്കുന്നതെന്ന് അവിടത്തെ നീണ്ട നിര കണ്ടാലറിയാം. അക്ഷമരായി നിൽക്കുന്ന 10-12 പേരുടെ പുറകിലായിരുന്നു ഞാൻ, സമയക്കുറവു കാരണം കൊത്തു പൊറോട്ടയിൽ നിന്നും സാധാ ദോശയിലേക്ക് ഞാൻ മനസ്സു മാറ്റി. നെയ് റോസ്റ്റിനോളം വലിപ്പമുള്ള ദോശയും, പിന്നെ ഒരു 25 രൂപയുടെ കോഴി വറുത്തതും, ആകെ 40/- രൂപ, സമയമുണ്ടെങ്കിൽ രണ്ടു 40/- രൂപ കൂടി അവിടെ മുടക്കാൻ ഞാൻ തയ്യാറായിരുന്നു, അതിനുള്ള വിശപ്പുണ്ടായിരുന്നു, സമയക്കുറവാണ് തടസ്സമായത്.  നാട്ടിലെ 80-100 രൂപക്ക് തുല്യമായിരുന്നു ഞാൻ കഴിച്ച 40/-രൂപയുടെ അത്താഴം. കോഴിക്ക് തമിഴ് നാട്ടിലെ വിലക്കുറവ് കൊണ്ടാകാം 40/- രൂപ കൊണ്ട് അവസാനിച്ചത്.
    
മേട്ടുപ്പാളയം ലോറിയെത്തി ചരക്കിറക്കി ഞങ്ങളുടെ ലോറിയിൽ കയറ്റി നവീനോടും, കൂട്ടാളികളോടും യാത്ര പറഞ്ഞ് നാട്ടിലേക്കുള്ള യാത്ര തുടങ്ങിയപ്പോൾ 11 മണി ആയിരുന്നു.  അടുത്ത ലക്ഷ്യം പൊള്ളാച്ചി മാർക്കറ്റായിരുന്നു.  ഞങ്ങൾക്കു മുന്നേ പോയവരെ ഒന്നു വിളിച്ചു നോക്കി, അവർ അവിടെ എത്തിയിട്ടില്ല.  2.30 മണിക്കൂർ യാത്രയുണ്ട് ലോറി അവിടെ എത്താൻ. യാത്ര തുടങ്ങുന്നതിനു മുമ്പേ ഉണ്ടായിരുന്ന മഴച്ചാറ്റൽ കനത്തു തുടങ്ങി.  രാത്രിയിൽ ആയതുകൊണ്ട് യാത്രക്ക് നല്ല വേഗതയുണ്ട്. ഞങ്ങൾ മൂന്നു പേരാണ് ലോറിയിൽ. ഡ്രൈവറായ സുധി, എറണാകുളം, ആലുവ റൂട്ടിൽ ഓടിക്കുന്നയാളാണ്, പരിചയസമ്പന്നനായ സാരഥി.  2 ദിവസ്സമായി രാത്രിയിൽ നല്ല മഴ ഉണ്ടായിരുന്നു അവിടെ. പാതി രാത്രിയിൽ പെരുമഴയത്തെ ലോറി യാത്ര ഞാൻ എപ്പോഴൊക്കയോ ഒരുപാട് ആഗ്രഹിച്ചിരുന്നു. തിരക്കോഴിഞ്ഞ ഹൈവേ യിൽ, ഡിമ്മും ബ്രൈറ്റും മാറി മാറി പ്രയോഗിക്കുമ്പോൾ ദൂരം കൂടിയും കുറഞ്ഞും കറുത്ത കാൻവാസിനു മുകളിൽ  കാണുന്ന മഴയുടെ പെയ്ത്ത്, വൈപ്പർ വീശുന്ന നിമിഷങ്ങളുടെ ഇടവേളകളിൽ തെളിഞ്ഞും, മങ്ങിയും കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാഴ്ച്ചയാണ്. മഴയൊന്ന് തോർന്നപ്പോൾ മുതൽ മുരുകന്റെ പഴനി മല നോക്കിയിരുപ്പായി,  കുറെ ദൂരം കൂടെ ഉണ്ടായിരുന്ന പഴനി മല ബൈപ്പാസിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞതു മുതൽ കണ്ണിൽ നിന്നും മറഞ്ഞു.  ഇനി ഉടുമല്പേട്ടു നിന്നും അമരാവതിയിലേക്ക് തിരിയുന്ന റോഡ് ഒന്നു കാണണം, പ്രിയപ്പെട്ട വഴികളൊക്കെയും ഇടക്കൊന്നു കാണുന്നതിന്റെ സുഖം ഒന്നു വേറെയാണ്. 

ഉടുമലെത്തി ഒരു വഴിക്കടയിൽ കടും കാപ്പിക്കായി വണ്ടിയൊതുക്കി, കാപ്പി കുടി കഴിഞ്ഞപ്പോഴാണ് പണ്ടു മുതലേ തോന്നിയിരുന്ന ഒരു ആഗ്രഹം മറ നീക്കി പുറത്തു വന്നത്,  പച്ചക്കറി ചാക്കുകൾ അടുക്കി കഴിഞ്ഞും, മേൽക്കൂരയുള്ള ഞങ്ങളുടെ ലോറിയിൽ കുറച്ച് സ്ഥലം ബാക്കിയുണ്ടായിരുന്നു.  ഉടുമൽ മുതൽ പൊള്ളാച്ചി വരെ ലോറിക്ക് പുറകിൽ കയറി ഒരു യാത്രക്ക് സുധിയോട് അനുവാദം ചോദിച്ചു.  കാബിനിലെ തിരക്ക് കുറയുകയും ചെയ്യും,  അനുവാദം കിട്ടിയപ്പോൾ ഒട്ടും സമയം കളയാതെ ലോറിയുടെ പുറകിൽ വന്ന് മുകറിലേക്ക് വലിഞ്ഞു കയറി, മാർക്കറ്റിൽ വെച്ച് ഒരു തവണ കയറിയതായതു  കൊണ്ട് കാര്യമായ ബുദ്ധിമുട്ടൊന്നും തൊന്നിയില്ല, അരുകിൽ നിന്നും പുറകോട്ട് അല്പം ഇറങ്ങിയിരിക്കാൻ സുധി പറഞ്ഞപ്പോൾ ശരിയാണെന്ന് എനിക്കും തോന്നി.  കാരണം വാഹനം പൊടുന്നനെ ബ്രേക്ക് ചവിട്ടേണ്ടി വന്നാൽ ഞാൻ താഴെ തെറിച്ചു പോകരുതല്ലോ.  ചെറുപ്പ കാലം മുതൽ, യാത്രകളിൽ  ചരക്കു വാഹനങ്ങളിൽ, കയറ്റിയ സാധനങ്ങൾക്കു മുകളിലിരുന്ന് യാത്ര ചെയ്യുന്നവരെ കാണുമ്പോഴൊക്കെ അതു പോലൊരു യാത്രയുടെ ത്രിൽ ഒരിക്കലെങ്കിലും അനുഭവിക്കണം എന്ന് അഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അതിനു അവസരം ലഭിച്ചത്. 

മേൽക്കൂരയുള്ള വാഹനമായതു കൊണ്ടാകണം, അകത്ത് നല്ല ഇരുട്ടും, ചൂട് വായുവും, പിന്നെ അത്ര സുഖകരമല്ലാത്ത പച്ചക്കറികളുടെ ചൂട് പിടിച്ച ഗന്ധവും, പുറകുവശം തുറന്നതായതു കൊണ്ട് വണ്ടി ഓടാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി അനുകൂലമായി.   എന്നിരുന്നാലും പച്ചക്കറി ചാക്കുകളിൽ ചാരി ഇരുന്നുള്ള യാത്രയിൽ റൊഡിലെ ചെറു കുഴികൾ പോലും ശരീരത്തിന് അറിയാൻ കഴിയും.  സഞ്ചരിക്കുന്ന വാഹനത്തിൽ മുന്നോട്ടു പൊകുമ്പോൾ കണ്മുന്നിലേക്ക് വരുന്ന കാഴകൾക്ക് തുല്യം തന്നെ ആയിരുന്നു പുറകിലിരുന്ന്, കടന്നു പോന്ന കാഴ്ച്ചകൾ കാണുമ്പോഴും. 

2 മണി കഴിഞ്ഞു പൊള്ളാച്ചി മാർക്കറ്റിൽ എത്തിയപ്പോൾ. ഞങ്ങളെ കാത്തു കിടന്ന സഹയാത്രികർ ഇന്നോവയിൽ സുഖമായി ഉറങ്ങുന്നു.  നീട്ടിയടിച്ച ഹോൺ അബന്ധമായി, മാർക്കറ്റിന്റെ മുക്കിലും, മൂലയിലും ചാഞ്ഞും, ചരിഞ്ഞും ഉറങ്ങിയവരൊക്കെ ഉൺർന്നു. ചിലർ എഴുന്നേറ്റു നിന്നു നടു നിവർത്തുന്നു, തങൾക്ക് ഇറക്കാനുള്ളതല്ല എന്നു മനസ്സിലായപ്പോൾ അവർ വീണ്ടും ഇരുളിന്റെ മറവിലേക്ക്. ഞങ്ങൾക്കായി വാങ്ങിയ 100 കി.ഗ്രാം  കുമ്പളം ആദ്യമേ ലോറിയിൽ കയറ്റി, അതുകഴിഞ്ഞ് മാർക്കറ്റിന് എതിർ വശമുള്ള റോഡിലൂടെ ഒരു കീ.മീറ്ററെങ്കിലും സഞ്ചരിച്ച് ഒരു ഗോഡൗണിൽ നിന്നുമാണ് 12 ചാക്ക് സവാളയും, കിഴങ്ങും ലോറിയിൽ കയറ്റിയത്.  ഈ വഴിക്ക് ഇരു വശവും ആണ് പോള്ളാച്ചിയിൽ കുപ്രസിദ്ധി നേടിയ പൊളിച്ചു വിൽക്കുന്ന സാധനങ്ങളുടെ മാർക്കറ്റ്.  അത്യാധുനിക ഇലക്ട്രോണിക് ഉപകരണ-ങ്ങൾ മുതൽ പുരാതന വസ്തുക്കൾ വരെ ഇവിടെ വില കുറവിൽ ലഭിക്കും, ഡീസൽ യന്ത്രങ്ങൾക്കും വളരെ വില കുറവാണ് ഇവിടെ.  ആളൊഴിഞ്ഞ് വിജനമാണെങ്കിലും വഴി നീളെ നൂറു കണക്കിനു നായ്ക്കളാണ്, പലരും കാവൽക്കാർ തന്നെ.  വളർത്തുന്നവയും, തെരുവു നായ്ക്കളും ഉണ്ട്,  ആരും വഴിയിലേക്ക് ഇറങ്ങി ഞങ്ങളുടെ നടപ്പ് തടസപ്പെടുത്തുന്നില്ല.  ഇടുങ്ങിയ വഴിയായതു കൊണ്ടാണ് പതുക്കെ പോകുന്ന ലോറിയിൽ നിന്നും ഇറങ്ങി നടക്കാൻ തിരുമാനിച്ചത്.  ചരക്കു കയറ്റാൻ ഞങ്ങളോടൊപ്പം വന്ന നാലു പേർ മുന്നിൽ നടക്കുന്നതായിരുന്നു ഞങ്ങളുടെ ആകെ ഉള്ള ധൈര്യം.  ചരക്കു കയറ്റി തിരുച്ചു വരുമ്പോൾ നടക്കാൻ നോക്കിയില്ല, കാരണം ഇടിമുഴക്കം പോലെ കുരക്കുന്ന റോട്ട് വീലർ മുതൽ മുന്തിയ ഇനം നായ്ക്കളാണ് അടച്ചൊറപ്പില്ലാത്ത ഇവിടം മുഴുവൻ കാവൽ നിൽക്കുന്നത്.  കളവു മുതൽ പൊളിച്ചു വിൽക്കുന്ന സ്ഥലങ്ങളിൽ പോലും ഇത്തരം കാവലുണ്ട്.  പൊള്ളാച്ചിയുടെ നിഗൂഡതകൾക്ക് ഈ ഒരു നടപ്പു തന്നെ ധാരളമായിരുന്നു. 

തിരിച്ചു മാർക്കറ്റിൽ എത്തിയ ഞങ്ങൾ, ഒട്ടൻച്ചത്രത്ത് കിട്ടാതിരുന്ന കാരറ്റ് 3 മണി കഴിയുമ്പോൾ അവിടെ വരുമെന്ന് അറിഞ്ഞ്, കാരറ്റിനായി കാത്തിരിപ്പു തുടങ്ങി.  അല്പ സമയത്തിനകം ഹോൺ മുഴക്കി ഞങ്ങളെ കടുന്നു പോയ ഒരു മിനി ലോറിയിലെ ചാക്കുകൾ തുളച്ച് പുറത്തേക്ക് നിൽക്കുന്നതിൽ നിന്നും ഒരു കാരറ്റ് പുറകെ ചെന്ന് വലിച്ചൂരി കടിച്ചിറക്കിയപ്പോൾ തന്നെ അവ തോട്ടത്തിൽ നിന്നും കയറി പോന്നിട്ട് അധിക സമയം ആയിട്ടില്ലാ എന്നു മനസ്സിലായി.  ഞങ്ങളുടെ കാത്തിരിപ്പ് പിന്നെയും നീണ്ടു. വന്ന കാരറ്റ് ചാക്കുകൾക്ക് അവർ വില പറയുന്നില്ല. മുതലാളി വരണമത്രെ, ഓണത്തിന്റെ പ്രത്യേക വില നിശ്ചയി ക്കുന്നതിനാണ് മുതലാളിയുടെ വരവു കാത്ത് ഇരിക്കുന്നത്.  4 മണി വരെ കാത്തു നിന്നിട്ടും ഫലമൊന്നും കാണാതയപ്പോൾ  ഞങ്ങൾ പൊള്ളാച്ചിയിൽ നിന്നും മടക്ക യാത്രക്ക് ഒരുങ്ങി. 

കുടുംബ ശ്രീക്കാരും ഞങ്ങളും രാവിലെ 10 മണിക്കാണ് പച്ചക്കറി വില്പന ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നത്.  എരൂരിൽ എത്തി ഞങ്ങൾക്ക് ഉള്ളത് ഇറക്കി കഴിഞ്ഞു വേണം പനങ്ങാടേക്കു കൊണ്ടു പോകുവാൻ.  പോള്ളാച്ചിയിൽ നിന്നും പുറപ്പെടുന്നതിനു മുൻപ് ഞാൻ തിരികെ ഇന്നോവയിലെത്തി, കാരണം രഞ്ചിത്ത് സുഹൃത്തുക്കളോടൊപ്പം ചേരാൻ ആഗ്രഹിച്ചിരുന്നു.   അടുത്ത ലക്ഷ്യം ഗോവിന്ദാപുരം കഴിഞ്ഞുള്ള വില്പന നികുതി ചെക്ക് പോസ്റ്റായിരുന്നു.  പച്ചക്കറി വിഭവങ്ങൾക്ക് വില്പന നികുതി ഇല്ലെങ്കിലും, ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകുമോ എന്നോരു ഭയം എല്ലാവർക്കും ഉണ്ടായിരുന്നു. ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള വഴിക്കടയിൽ കട്ടൻ ചായയും, ബണ്ണും കഴിക്കുന്നതിന് ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ ചെക്ക് പോസ്റ്റ് കടന്ന ലോറി, ഹോൺ മുഴക്കി ഞങ്ങളേയും കടന്നു പോയി. പുറകെ തന്നെ പോന്ന ഞങ്ങൾ നെന്മാറ കഴിഞ്ഞപ്പോൾ ലോറിയെ മറികടന്ന് എരൂരിലേക്ക് കുതിച്ചു.  അവർ നാട്ടില് എത്തുന്നതിനു മുൻപ് വീട്ടെലെത്തി പ്രഭാത കൃത്യങ്ങൾ എങ്കിലും കഴിച്ചു വേണം ചരക്ക് ഇറക്കാനായി  കൂടാൻ.  വില്പനക്കുള്ള ഓരോന്നിന്റെയും വില വിവരങ്ങൾ  എരൂർക്കുള്ള യാത്രയിൽ തന്നെ ഏകദേശ ധാരണയായി.

  രാവിലെ 7 മണിക്കു മുൻപായി ഞങ്ങൾ വീട്ടിലെത്തി.  മുക്കാൽ മണിക്കൂർ വൈകിയാണ് ലോറി എരൂരിൽ എത്തിയത്.  ചാക്കുകൾ ഇറക്കുവാൻ സഹായിക്കുന്നതിനായി 10-12 പേർ കൂടി എത്തിയിരുന്നത് കൊണ്ട് വിചാരിച്ചതിലും നേരത്തെ അവർക്ക് പനങ്ങാടേക്കു തിരിക്കാൻ സാധിച്ചു.  ചാക്കുകൾ എല്ലാം തുറന്ന് പച്ചക്കറികൾ ഇനം തിരിച്ച് കൂട്ടം കൂട്ടമായി മാറ്റി നിരത്തി. തലേ ദിവസം തന്നെ എത്തിയ പച്ചക്കായ് കുലകളും, ചേനയും, ഇഞ്ചിയും ഉൾപ്പെടെ 27 ഇനം പച്ചക്കറികൾ, ചാക്കുകളിൽ നിന്നും മാറി 27 ചെറുതും, വലുതുമായ  കുന്നുകളായി മാറിയപ്പോഴാണ് ഞങ്ങൾ ചെയ്ത പ്രവർത്തിയുടെ വലിപ്പം ബോധ്യപ്പെട്ടത്.

  നിശ്ചയിച്ച പ്രകാരം വില്പന സമയത്തിനു തന്നെ തുടങ്ങി. വെള്ളി, ശനി ദിവസങ്ങൾ കൊണ്ടു ആറര ടൺ പച്ചക്കറിയാണ് വിറ്റു തീർന്നത്.  ശനിയാഴ്ച രാത്രി 10. മണിക്കു ശേഷം, സാമ്പത്തിക സ്ഥിതി കുറഞ്ഞ ദ്വിപു നിവാസികൾക്ക്, 12 സൗജന്യ കിറ്റുകൾ കൂടി വിതരണം ചെയ്തതിനു ശേഷം ബാക്കി ഉണ്ടായിരുന്നത് 6 ഇനങ്ങൾ മാത്രം, അതിൽ കേടു വരുന്നതായി വെണ്ടക്ക മാത്രം. മത്തൻ, ചേന, ബീറ്റ്റൂട്ട്, ചൊരക്ക, കുമ്പളം ഇവയെല്ലാം കൂടി ആകെ ബാക്കി വന്ന 50 കി.ഗ്രാം പച്ചക്കറികൾ ഒരാഴ്ച മാത്രം അകലെയുള്ള എരൂർ കപ്പട്ടിക്കാവ് ശ്രീ.നാരായണ ഗുരുവരാശ്രമ ക്ഷേത്രത്തിലെ സമാധി സദ്യക്കായി ക്ഷേത്രം ഹാളിലേക്ക് എത്തിച്ചു.  അതോടെ എരൂർ ഐലന്റ് വെൽഫെയർ അസ്സോസ്സിയേഷന്റെ വിജയകരമായ ഒരു പ്രവർത്തനത്തിനു കൂടി ശുഭാവസാനമായി.

ഒട്ടൻച്ചത്രം പഠിപ്പിച്ച ഒരു വലിയ പാഠം കൂടി പങ്കുവെയ്ക്കട്ടെ. യാത്രാ ചിലവുകൾ മാത്രം വിലയോട് ചേർത്ത് വിതരണം ചെയ്തപ്പോൾ, വിലക്കിഴുവു നൽകുന്ന കേരളത്തിലെ മുൻ നിര സ്ഥാപനങ്ങൾ എന്ന് അവകാശപ്പെടുന്ന, സിവിൽ സപ്ലൈസ്, ഹോർട്ടി കോർപ്പറേഷൻ സ്റ്റാളുകളേക്കാളും, 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും, സ്വകാര്യ കച്ചവടക്കാരേക്കാൾ 30 മുതൽ 60 ശതമാനം വരെയും, വിലകുറച്ചു വിതരണം ചെയ്യാൻ സാധിച്ചപ്പോൾ, 30% സർക്കാർ കിഴിവോടെ വിതരണം ചെയ്യുന്ന സപ്ലൈകോയും, ഹോർട്ടി കോർപ്പും ഒക്കെ പ്രവർത്തിക്കുന്നത് ജനങ്ങൾക്കു വേണ്ടിയോ, അതോ വെള്ളാനകളുടെ വയർ വീർപ്പിക്കുന്നതിനു വേണ്ടിയോ എന്ന സംശയം ബാക്കി നിൽക്കുന്നു.  കിഴിവുകൾ ഒന്നും ഇല്ലാതെ തന്നെ 10 മുതൽ 40 ശതമാനം വരെ വില കുറച്ചു നൽകാമെന്ന് എരൂർ ഐലന്റ് വെൽഫെയർ അസ്സോസ്സിയേഷൻ തെളിയിച്ചപ്പോൾ, സർക്കാർ നൽകുന്ന 30% കിഴിവിന്റെ പകുതി പോലും വേണ്ടി വരില്ല പ്രസ്തുത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനത്തിനും, മറ്റു ചിലവുകൾക്കും. പിന്നെ എവിടെയാണ് കണക്കുകൾ പിഴക്കുന്നത്

തമിഴ്നാട്ടിലെ മൊത്ത വ്യാപാര കേന്ദ്രങ്ങളിലെത്തി പച്ചക്കറികൾ ശേഖരിക്കുന്നതിന് ഞങ്ങൾക്കുണ്ടായ കഷ്ടപ്പാടുകൾ പോലും ഒന്നോ, രണ്ടോ തവണ കൊണ്ടു പരിഹരിക്കാവുന്നതാണ്, കാരണം നവീനെ പോലെ കേരളത്തിൽ എവിടെയും, ഗതാഗത ചിലവുകൾ മാത്രം കൂടുതൽ ഈടാക്കി വിതരണം ചെയ്യാൻ തയ്യാറുള്ള പത്തിൽ കൂടുതൽ ആളുകളെ ഞങ്ങൾ തന്നെ പരിചയപ്പെട്ടിരുന്നു.  സാധനങ്ങൾ കേരളത്തിൽ എത്തിയ ശേഷം മാത്രം വില നൽകിയാൽ മതിയെന്നു പറയുന്ന മത്സരക്കാരും ഈ രംഗത്തുണ്ട്.,  ഒട്ടൻച്ചത്രത്തിലേക്കും, തമിഴ് നാട്ടിലെ മറ്റു പച്ചക്കറി മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്കും ഒരു സന്ദർശനം നടത്തിയാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ഏതൊരാൾക്കും ബോധ്യപ്പെടുന്നതുമാണ്. 

ഓണക്കാലം കഴിഞ്ഞാൽ എല്ലാ പച്ചക്കറികൾക്കും പകുതിയിൽ താഴെയാണ് വിലകൾ കുറയുന്നത്. കേരളത്തിലെ പച്ചക്കറി വിപണി കയറിയ പടികൾ ഇറങ്ങാൻ മടി കാണിച്ചു നിൽക്കുന്നു.  സർക്കാർ നേരിട്ട് കിഴിവ് നൽകുന്ന സ്ഥാപനങ്ങളും ഒട്ടും പിന്നിലല്ല.

തലക്കു പിടിച്ച പച്ചക്കറി ചിന്തകൾ വിജയിപ്പിച്ചെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ എന്റെ സഹയാത്രികർക്കു മുന്നിൽ നമിച്ചു കൊണ്ടും, ഞങ്ങളോട് സഹകരിച്ചു സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ടും,  അടുത്ത ഒട്ടൻച്ചത്രം യാത്രക്ക് ഒരുങ്ങി, 2014 ഓണത്തിനായി കാത്തിരിക്കുകയാണ് ഞാൻ. 

ഗീവർഗ്ഗിസ് ഫ്രാൻസീസ്