Tuesday, 3 September 2013

അമരാവതിയിൽ നിന്നും ഒരു മനോഹര ചിത്രം .....(Amaravathy Dam)

അമരാവതിയിൽ നിന്നും ഒരു മനോഹര ചിത്രം


എന്റെ പ്രിയ സുഹൃത്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത,  അമരാവതി ഡാമിനു മുകളിൽ നിന്നും പകർത്തിയ ഒരു മനോഹര ചിത്രം കണ്ടു കൊണ്ടങ്ങിരുന്നപ്പോൾ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നു രണ്ടു അമരാവതി യാത്രകളുടെ ഓർമ്മകൾ പങ്കുവെക്കുവാനുള്ള ആഗ്രഹവുമായാണ് ഇതെഴുതുന്നത്.

Photograph By Nidhin PG
2009 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ "മൺസൂൺ ട്രേസിങ്ങ്" എന്ന പേരിൽ നടത്തിയ പകൃതി പഠന യാത്രയുടെ രണ്ടാം ദിവസം രാവിലെയാണ് അമരാവതി ഡാമിനു മുകളിൽ എത്തിയത്.  പഠനയാത്രയുടെ ആദ്യ ദിവസം അവസാനിക്കുന്നത് കാന്തല്ലൂർ പയസ്  നഗർ ചർച്ച് ഹോസ്റ്റലിന്റെ ഡോർ മെട്രിയിൽ. അതിരാവിലെ തുടങ്ങിയ യാത്ര മൂന്നാർ ഗ്യാപ്പ്  റോഡും, ഇരവി കുളം നാഷണൽ പാർക്കും (രാജമല) കണ്ട്, മറയൂരിലെ പ്രകൃതി ദത്ത ചന്ദനക്കാടുകളും കടന്ന്, കരിമ്പു പാടങ്ങളും കണ്ട് സ്വസ്ഥമായ ഒരു താമസ സ്ഥലം തേടിയാണ് കാന്തല്ലൂർക്ക് യാത്രയായത്.  കാന്തല്ലൂർ പയസ് നഗർ പള്ളിയും പരസരവും എന്നും മനസ്സിൽ മായാതെ നിൽക്കും.  പള്ളിയോട് ചേർന്നുള്ള സ്കൂൾ മൈതാനം ഞങ്ങൾക്ക് തരിപ്പുളവാക്കിയ ഒരു അനുഭവ മായിരുന്നു.






 പയസ് നഗർ പള്ളിയോട് ചേർന്നുള്ള സ്കൂൾ മൈതാനം.

















അർജന്റീനയും, ബ്രസീലും, സ്പെയിനും, ഇറ്റലിയും, ജർമ്മനിയും ഒക്കെയായി ഞങ്ങൾ പതിനാലു പേർ






പയസ് നഗറിൽ വൈകുന്നേരം അഞ്ചു മണി കഴിഞ്ഞെത്തിയ ഞങ്ങൾ, കൂട്ട മായി നടത്തുന്ന യാത്രകളിൽ എപ്പോഴും കൂടെ കരുതാറുള്ള കാൽ പന്തുമായി മൈതാനത്തേക്കിറങ്ങി. അർജന്റീനയും, ബ്രസീലും, സ്പെയിനും, ഇറ്റലിയും, ജർമ്മനിയും ഒക്കെയായി ഞങ്ങൾ പതിനാലു പേരിൽ, 2-3 പേരൊഴികെ അത്രയും തണുത്ത അന്തരീക്ഷത്തിൽ കാൽ പന്തു കളിച്ചിട്ടില്ല. നഗ്നപാദ രായിരുന്നെങ്കിലും ഏവർക്കും ഒരു വേൾഡ് ക്ലാസ്സ് മത്സരം കളിക്കുന്ന മതിപ്പും, കിതപ്പുമായിരുന്നു. കാണികളായി ഞങ്ങളുടെ സാരഥിയും, പിന്നെ കുറച്ചു സ്കൂൾ കുട്ടികളും. കളികഴിഞ്ഞ് കൈകൊടുത്തു, തോളത്തു തട്ടി നല്ല കളിയുടെ അഭിനന്ദനങ്ങളും ആശംസിച്ച് ഡോർമെട്രിയിലെത്തി കുളിയും കഴിഞ്ഞ്, ഞങ്ങൾക്കായി അനുവദിച്ചു കിട്ടിയ അടുക്കളയിലെ ശ്രമ ദാനം അവസാനിപ്പിച്ചത് രുചികരമായ അത്താഴത്തിനു ശേഷമാണ്. 

ഞങ്ങളുടെ സരഥിയായ രൻജിത്തും, ഞാനും ഇതിനിടയിൽ അല്പം നടക്കാൻ പോയത് വെറുതെ ആയില്ല. പയസ് നഗർ പള്ളിക്കടുത്തു കട നടത്തുന്ന ചേട്ടനാണ് കുറച്ചു നടന്നാൽ ഉയരത്തിൽ പരന്നു കിടക്കുന്ന പാറക്കൂട്ടത്തിലേക്ക് ഒരു രാത്രി നടപ്പ് നിർദ്ദേശിച്ചത്.  വരുന്ന വഴിയിൽ ഞങ്ങൾ കണ്ടതുമാണ് ആ സ്ഥലം, പാമ്പിഴഞ്ഞ പാടു പോലെ  കിടക്കുന്ന വഴിയിലൂടെ കന്തല്ലൂർക്കുള്ള യാത്രയിൽ രണ്ടു മുടിപ്പിൻ വളവുകൾ ചേർന്നു വരുന്ന ഒരിടമുണ്ട് അതിനു മുകളിലായാണ് മേല്പറഞ്ഞ പാറക്കൂട്ടം. അത്താഴവും കഴിച്ച് ഞങ്ങൾ 14 പേർ കൂരിരുട്ടിൽ 2 ടോർച്ചും തെളിച്ച് നടപ്പു തുടങ്ങി.  






വിശാലമായ പാറപ്പുറത്ത് കിടപ്പും, ഇറിപ്പുമായി കുറെ സമയം ചിലവിട്ടു. മറയൂരിലെ വിളക്കുകളെല്ലാം തന്നെ ദൂരക്കാഴ്ചയായി കാണാം
















പയസ് നഗർ ചർച്ച് ഡോർമെട്രിയിൽ സുഖമായ ഉറക്കം









വിശ്രമത്തിനിടയിൽ ചിരിയും, പാട്ടുമൊക്കെ കൂടിക്കലർന്ന് പ്രകൃതിയി ലേക്ക് ഒഴുകിയപ്പോൾ 2 ടോർച്ചുകൾ ഞങ്ങൾക്കു നേരെ അടുത്തു വരുന്നു ണ്ടായിരുന്നു.  ടോർച്ചുമായി വന്നവർ ഞങ്ങളെ മാന്യമായി ചോദ്യം ചെയ്തു, എവിടെ നിന്നും വരുന്നു, എന്തിനു വന്നു, എവിടെ താമസിക്കുന്നു, ചോദ്യങ്ങൾക്കവസാനം അവർ സ്വയം പരിചയപ്പെടുത്തി.  മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിലെ പ്രകൃതി ദത്ത ചന്ദന മരങ്ങളുടെ കാവലാളുകൾ. ഒരോ രുത്തർക്കും ചന്ദനമരങ്ങൾ എണ്ണി തിട്ടപ്പെടുത്തി നിശ്ചിത എണ്ണം പകുത്തു നൽകിയിരിക്കുന്നു.  ചന്ദന മരങ്ങളൊക്കെയും അവരുടെ സംരക്ഷണയിൽ മഴുവിൽ നിന്നും രക്ഷപെട്ടു നിൽക്കുന്നു.   കാവൽ സൈന്യത്തിൽ കൂടുതലും അന്നാട്ടുകാർ തന്നെ, വനം വകുപ്പുമായി സഹകരിച്ചു നടത്തുന്ന ഒരു സംരംഭം.  കൂലി കുറവാണെങ്കിലും കാവൽ ജോലിക്കു തല്പരരായി ധാരാളം പേരുണ്ട്.  ഞങ്ങളുടെ ശബ്ദകോലാഹലങ്ങൾ പ്രകൃതിക്ക് ഇണങ്ങാത്തതാണെന്ന തോന്നാലാകാം,  അര മണിക്കൂറിന്റെ സമയ പരിധി തന്ന് അവരും ഞങ്ങളോടൊപ്പം കൂടി.  അവരുടെ അറിവുകളും, ചില ചന്ദന മാഫിയാ കഥകളും കേട്ട് സമയ പരിധി കഴിഞ്ഞപ്പോൾ പയസ് നഗറിലേക്ക് തിരിച്ചു നടന്നു.  ചർച്ച് ഡോർമെട്രിയിൽ സുഖമായ ഉറക്കം, അതിരാവിലെ അഞ്ചു മണിക്കു മുൻപു തന്നെ പയസ് നഗറിൽ നിന്നും അമരാവതിയിലേക്ക് യാത്ര ആരംഭിച്ചു.  



 നേരം പുലരും മുൻപു തന്നെ ചിന്നാർ വൈൽഡ് ലൈഫ് സങ്ങ്ച്വറിയുടെ പടി വാതിലിൽ എത്തി മുന്നോട്ടുള്ള യാത്രാനുമതിക്കായി കാത്തിരിപ്പു തുടങ്ങി. വെളിച്ചം വീണാലുടൻ ചെക്ക്പോസ്റ്റ് കടത്തിവിടാമെന്ന് അനുവാദം കിട്ടിയപ്പോൾ ആദിത്യന്റെ വരവു നോക്കി നിൽപ്പായി ഞങ്ങൾ.  ചെക്ക് പോസ്റ്റും കടന്ന് ചിന്നാർ വൈൽഡ് ലൈഫ് കീറി മുറിച്ചുള്ള യാത്രയിൽ 3-4 മാനുകളും, ഒരു മയിലും, ഒരു മ്ലാവിൻ കൂട്ടവും ഒഴികെ, മറ്റു വന്യ മൃഗങ്ങ ഒന്നും തന്നെ ഞങ്ങൾക്കു മുന്നിലേക്ക് വന്നില്ലെങ്കിലും, ഉഷ്ണ മേഖലാ വന പ്രദേശമായ ചിന്നാറിലൂടെ അമരാവതിയിലേക്കുള്ള പ്രഭാത സവാരി  ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്നല്ല



അമരാവതിയിലെത്തി മുതല വളർത്തു കേന്ദ്രമാണ് ആദ്യം സന്ദർശിച്ചത്. വെട്ടിനുറുക്കിയ  ചോരവാർന്നു പോകാത്ത ഇറച്ചിക്കഷണങ്ങൾ കാത്തു കിടക്കുന്ന, പല വലിപ്പത്തിലും, പ്രായത്തിലുമുള്ള നൂറു കണക്കിനു മുതലകൾ. നല്ലവണ്ണവും, 3-4 മീറ്റർ നിളവുമുള്ള മുതുക്കന്മാർ മുതൽ 10-20 സെ. മീറ്റർ വരെയുള്ള ഇത്തിരിക്കുഞ്ഞന്മാരരും കൂട്ടത്തിലുണ്ട്ഇവയെ പലതരം കൂടു കളിലാണ് പ്രായത്തിനനുസരിച്ച് വളർത്തുന്നത്, കൂട്ടത്തിൽ വലിയവർക്ക് ചുറ്റുമതിലുള്ള തുറസ്സായ വാസസ്ഥലം  ഒരുക്കിയിട്ടുണ്ട്. നീരാടാനും, മുങ്ങിപ്പൊങ്ങാനും ചെറിയ ജല സംഭരണികൾ ഒരുക്കിയിട്ടുണ്ട്






പ്രകൃതിയോടിണങ്ങുന്ന ഒരുപാട് സൗകര്യങ്ങൾ ഒരുക്കിയാണ് അമരാവതി മുതല വളർത്തു കേന്ദ്രം പ്രവർത്തിക്കുന്നത്







ഡാമിനു മുകളിലെത്തിയ ഞങ്ങൾ, തെന്നിന്ത്യൻ സിനിമകളിലെ ഗാനരംഗങ്ങളിൽ മിന്നി മറയുന്ന പ്രകൃതി സൗന്ദര്യം മുഴുവൻ കണ്മുൻപിൽ നേരിട്ട് കാണാനൊത്തതിന്റെ അത്ഭുതത്തിലും സന്തോഷത്തിലും ആയിരുന്നു.




ഒട്ടുമിക്ക തമിഴ് സിനിമകളിലും, അമരാവതി ഡാമും, റിസർവോയറും പകർന്നു നല്കിയ സൗന്ദര്യം ഞാൻ തിരിച്ചറിയാൻ തുടങ്ങിയത് പഴയൊരു കൊടൈ ബൈക്ക് യാത്രക്കിടെ ഇവിടെ എത്തിയപ്പോഴാണ്. സിനിമാ ഗാനരംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അമരാവതിയുടെ സൗന്ദര്യം നുകരാൻ ഡാമിനു മുകളിൽ നിന്നപ്പോൾ കുറച്ചു ദൂരെ റിസർവോയറിന്റെ കരയിൽ കണ്ട ഷൂട്ടിംഗ് സ്ഥലത്തേക്ക് മനസ്സിനൊപ്പം, ശരീരവും എത്തിച്ചേരാൻ അല്പം കഷ്ടപ്പെട്ടു. ടാർ കുഴച്ചു പുരട്ടിയ വഴികളിൽ നിന്നും തമിഴ്നാടിന്റെ തനിനാടൻ വഴികളിലൂടെ ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്താൻ, അക്കാലത്ത് തരംഗമായിരുന്ന തരക്കേടില്ലാത്ത ഒരു ഓഫ് റോഡിങ്ങ് ചാമ്പ്യൻ കൂടിയായ, 14Bhp കുതിര ശക്തിയുള്ള കാവസാക്കി ബജാജിന്റെ 125CC  ബൈക്ക്, തെല്ലൊന്നുമല്ല ഞങ്ങളെ സഹായിച്ചത്.  റിസർവോയറിൻ കരയിലെ ഷൂട്ടിംഗ് സെറ്റ് എനിക്കും, എന്റെ പ്രിയ സുഹൃത്തിനും ഒരു പുതിയ ലോകം തന്നെയായിരുന്നു.  


ഒരു ഗാന രംഗ ചിത്രീകരണം, തമിഴിലെ അത്ര പ്രസിദ്ധരല്ലാത്ത നായകനും, നായികയും, അവർക്കു പിന്നിൽ നിറം കൊടുത്തണിയിച്ച തമിഴ് സുന്ദരന്മാരും, സുന്ദരികളും.  നായകനെക്കാളും, നായികയെക്കാളും സൗന്ദര്യമുള്ളവരെ  നിറം പൂശി അലങ്കോലപ്പെടുത്തിയിട്ടുണ്ട്. കാമറക്കു മുന്നിലും, പിന്നിലുമായി തിരക്കുകൂട്ടുന്ന ഒരു സംഘം വേറെയും. ഡാൻസ് മാസ്റ്ററുടെ ആക്ഷൻ പറച്ചിൽ കേട്ടാൽ ഒരു ഡപ്പാൻ കൂത്ത് സംഗീതം. തുടക്കവും, ഒടുക്കവും ഇല്ലാത്ത ഇടിമുഴക്കം പോലെ മലഞ്ചെരിവുകളിൽ അലയടിക്കുന്നു.  സ്റ്റഡി എന്ന ഡാൻസ് മാസ്റ്ററുടെ അലർച്ച കേട്ടാൽ പ്രതിമ കണക്കെ നിൽക്കുന്ന നൃത്ത സംഘം.  ആക്ഷനും, സംഗീതവും ഒറ്റ സ്വിച്ചിലാണെന്നു പലപ്പോഴും തോന്നി. ഒന്നു രണ്ടു തവണ തുള്ളി ച്ചാടുമ്പോഴേക്കും മാസ്റ്ററുടെ അടുത്ത അലർച്ച 'കട്ട്'.  ഒരേ ചാട്ടവും, തുള്ളലും എത്ര ആവർത്തിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. സിനിമയിലെ ഗാനരംഗങ്ങൾ കണ്ണെടുക്കാതെ കാണാറുള്ളതാണ്, അതിനു പിന്നിലെ പ്രയത്നം കണ്ടുകൊണ്ടിരുന്നപ്പോൾ എവിടെ നിന്നോ ഒരു മുന്നറിയിപ്പും ഇല്ലാതെ വലിയ തുള്ളികളുള്ള മഴയെത്തി. നായകനും, നായികക്കും, കാമറക്കും മാത്രം കുടകൾ.  പിന്നണി സംഘം പാറ യിടുക്കുകളിലേക്ക് ഓടുന്നു, ജോഡികളായി പാറ ഇടുക്കുകളിലെ മഴ നിഴലിലേക്ക് കടന്നവരിൽ പലരും വീണു കിട്ടിയ വിശ്രമം വളരെ സഭ്യമായും ഉപയോഗിക്കുന്നുണ്ടായിരുന്നു.



ഴയുടെ സ്വഭാവം കണ്ടപ്പോൾ ദൂരെക്കുണ്ടാവനുള്ള സാധ്യതയില്ലെന്ന തിരിച്ചറിവും,  കരുതൽ വസ്ത്രത്തിന്റെ കുറവും, ലക്ഷ്യം കൊടൈ ആയതും അവിടെ നിന്നും തിടുക്കത്തിൽ രക്ഷപെടാൻ തിരുമാനിച്ചു. പിന്നെയെല്ലാം വളരെ വേഗത്തിലായിരുന്നു, ബൈക്കു സ്റ്റാർട്ടു ചെയ്യുമ്പോൾ സുഹൃത്തിന്റെ ഒരു പരസ്യം പറച്ചിൽ, സ്വന്തം ബൈക്കിന്റെ  പരസ്യം തന്നെ 6 സെക്കൻഡു കൊണ്ട് 60 കീ. മീ വേഗത. ബൈക്ക് നിർമ്മാതാക്കളുടെ അന്നത്തെ പരസ്യ വാചകം. 6 സെക്കൻഡുകൊണ്ടു തന്നെ കാര്യങ്ങൾക്കു തിരുമാനമായി, മുൻ ചക്രമാണോ, പിൻ ചക്രമാണോ, മഴ വീണു ചളിഞ്ഞ മണ്ണിൽ ആദ്യം തെന്നിയതെന്ന് മനസ്സിലായില്ല. നിലത്തേക്ക് തെറിച്ചു വീണ ഞാൻ ചെളിയിലൂടെ തെന്നി നീങ്ങി എവിടെയോ തലയിടിച്ചു നിന്നു. സുഹൃത്തിനു കാര്യമായൊന്നും സംഭവിച്ചില്ല. ബൈക്കിനു സാരമായി തന്നെ പരിക്കുകൾ കിട്ടി.   നിലത്തു കിടന്ന എന്നെ സുഹൃത്ത് പിടിച്ച് എഴുന്നേല്പിച്ചു.  എന്റെ ഇടത്തെ തോളും, കാൽ മുട്ടകളും നന്നായി ഉരഞ്ഞു പൊട്ടി, അതിനേക്കാൾ സങ്കടം ശരീരത്തിലും, ഉടുപ്പിലും പറ്റിയ കട്ടിച്ചെളി തന്നെ,  ഉണങ്ങി ഉറച്ചു കിടന്നിരുന്ന റിസർവോയറിന്റെ കരയിലെ  ചെളിമണ്ണ് മഴകൊണ്ട് കുറികിയിരുന്നു.  അന്ന് എങ്ങിനെയൊക്കെയോ അവിടെ നിന്നും കരകയറി.  വിശ്രമ സമയത്തു ലഭിച്ച കാഴച്ച കണ്ടു നിന്നതല്ലാതെ ഒരാൾ പോലും ഞങ്ങളെ സഹായിക്കാൻ മുന്നോട്ടു വന്നില്ല. അതോ അതിനും അക്ഷൻ പറയണോ എന്ന സംശയവും ഞങ്ങൾക്കുണ്ടായിരുന്നു. അതോടെ കൊടൈ യാത്ര അവസാനിച്ചു. ബൈക്കിന്റെ ഹെഡ് ലൈറ്റ് പോയി, അമരാവതി സൈനീക സ്കൂളിന്റെ മുൻപിൽ റോഡിൽ കെട്ടികിടന്ന വെള്ളത്തിൽ കുതിരച്ചാണകം ഇല്ലാത്തയിടത്തു നിന്നും വെള്ളമെടുത്ത് അത്യാവിശ്യ കഴുകലൊക്കെ നടത്തി. പിന്നെ ചിന്നാറെത്തി അരുവിയിൽ കുളിച്ച് വൃത്തിയായി. ശരീരമാകെ നീറ്റലുമായി പഴയ മൂന്നാറിലെ ചിലവുകുറഞ്ഞ മഹാലക്ഷ്മി ലോഡ്ജിൽ രാത്രി തങ്ങി രാവിലെ വെളിച്ചം വീണപ്പോൾ വീട്ടിലേക്ക് തിരിച്ചു.


ഇത്തവണയും റിസർവോയറിന്റെ കരയിൽ അല്പം ദൂരെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.   ഡാമിനു മുകളിൽ നിന്നും കാഴ്ചകൾ അസ്വദിക്കുമ്പോൾ, യാത്രയിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന കാമറകളുടെ ഷട്ടറുകളോ ക്കെയും  ഏറ്റവും കൂടുതൾ ഒന്നിച്ചു ചിലച്ച ഒരു നിമിഷം ഉണ്ടായിരുന്നു.  അനന്തമായി കിടക്കുന്ന റിസർവോയറിൽ യാത്രക്കാർ ആരുമില്ലാതെ നിശ്ചലമായി കിടക്കുന്ന ചെറുബോട്ട്,ഒരു വർണ്ണ ചിത്രത്തിന്റെ ഫ്രെയിമിലൂടെ ആദ്യം വിലയിരുത്തിയ നിധിൻ തന്നെ കൂട്ടത്തിൽ ഏറ്റവും സുന്ദരമായ  ചിത്രം പകർത്തി. ഒരു യാത്രയുടെ മുഴുവൻ ഓർമ്മകളും പകർന്നു നല്കുന്ന ഒരു ഓർമ്മ ചിത്രം.

Photograph by Nidhin P G


ഞങ്ങളുടെ പഠനയാത്രയുടെ രണ്ടാം ദിവസം, അമരാവതി കൂടാതെ മൂന്നാർ ടോപ്സ്റ്റേഷനും, മാട്ടുപ്പെട്ടിയും കൂടി കണ്ടു നാട്ടിലേക്ക് മടങ്ങാ നായിരുന്നു നിശ്ചയിച്ചിരുന്നത്. മനസ്സിൽ പദ്ധതിയിട്ടതിലും കൂടുതൽ സമയം അമരാവതിയിൽ ചിലവിട്ട്, മനസ്സിലും, കാമറകളിലും പ്രകൃതി സൗന്ദര്യം കുത്തിനിറച്ച്, പിന്നെക്കാണമെന്നുറച്ച് അമരാവതിയോട് ഞങ്ങൾ യാത്ര പറഞ്ഞു. തിരിച്ചു വീണ്ടും കാന്തല്ലൂരിലെ പയസ് നഗറിലെ താമസ സ്ഥലത്തെത്തി, രുചികരമായ ഉച്ച ഭക്ഷണം ഞങ്ങൾ എല്ലാവരും ചേർന്ന് തയ്യാറാക്കി കഴിച്ചു. 





വളരെ തിരക്കിട്ട് ഉച്ചഭക്ഷണം തയ്യാറാക്കുകയാണ് ഞങ്ങൾ
















 രുചികരമായ ഉച്ചഭക്ഷണം







 

ഉച്ചഭക്ഷണം കഴിഞ്ഞയുടനെ പയസ് നഗർ പള്ളിയിലെ വികാരിയച്ചനെ കണ്ടു താമസസ്ഥലത്തിന്റെ വാടക നൽകിയപ്പോൾ, ഞങ്ങളുടെ യാത്രാ താല്പര്യങ്ങളറിഞ്ഞ് തന്നാൽ കഴിയുന്ന ഒരു ചെറു സൗജന്യവും തന്ന്, സുഖ യാത്രയും, പ്രാർത്ഥനകളും ആശംസിച്ചാണ് ഞങ്ങളെ പയസ് നഗറിൽ നിന്നും യാത്രയാക്കിയത്. രാവിലത്തേതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഞങ്ങളുടെ വാഹനം മറയൂർ കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു മൂന്നാറിനെ ലക്ഷ്യമാക്കി ആ ചന്ദനക്കാട്ടിലൂടെ യാത്രയായി.




ഗീവര്‍ഗീസ് ഫ്രാൻസീസ് 
Gheevarghese Francis
 

3 comments: