Monday, 19 August 2013

Alappuzha Boating in Economic Class....ആലപ്പുഴ ബോട്ടിങ്ങ് (ഇക്കണോമിക് ക്ലാസ്സിലെ ബോട്ട് യാത്രകൾ)


Alappuzha Boating in Economic Class....

ആലപ്പുഴ ബോട്ടിങ്ങ് (ഇക്കണോമിക് ക്ലാസ്സിലെ ബോട്ട് യാത്രകൾ)


      കിഴക്കിന്റെ വെനീസ് എന്ന ഓമനപ്പേരുള്ള ആലപ്പുഴയിൽ നിന്നും ജല ഗതാഗത വകുപ്പ് നടത്തുന്ന ബോട്ട് സർവീസുകൾ, കുറഞ്ഞ ചിലവിൽ ഉല്ലാസ യാത്രകൾക്ക് അവസരം ഒരുക്കുന്നു. ആലപ്പുഴ പട്ടണത്തിലെ കെ. എസ്. ആർ. ടി. സി.  സ്റ്റാന്റിനു സമീപമുള്ള ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിക്കുന്ന    ബോട്ട് സർവീസുകൾ എല്ലാം തന്നെ കിഴക്കൻ വെനീസിന്റെയും, കുട്ടനാടിന്റെയും, മനോഹാരിത അസ്വദിക്കാൻ ഉതകുന്നതാണ്. ആലപ്പുഴ നിന്നും കാവാലം വഴി ചങ്ങനാശ്ശേരിക്കു പോകുന്ന ബോട്ട് സർവീസാണ് ഏറ്റവും കൂടുതൽ സമയവും, ദൂരവും താണ്ടുന്നത്. ഇതു  കൂടാതെ കോട്ടയം, കുമരകം, ചമ്പക്കുളം, നെടു മുടി, കൈനേരി, കാവാലം, എന്നീ സർവീസുകളും ഒട്ടും പുറകിലല്ല. ഏറ്റവും ദൂരം കൂടുതലുള്ള ചങ്ങനാശ്ശേരിയിലേക്ക് പതിനൊന്നു രൂപ മാത്രമാണ് (Rs.11/-) ഈടാക്കുന്നത്, കോട്ടയം ഒൻപത് രൂപയും (Rs.9/-). 
 

    ഒരു മണിക്കൂർ നേരം, ആളൊന്നിന് 100/- രൂപ മുതൽ 500/- രൂപ വരെ ഈടാക്കി സ്വകാര്യ ബോട്ടുകൾ നമ്മുടെ യാത്രാ താല്പര്യങ്ങളെ കത്തി വെക്കുമ്പോഴാണ്, ജല ഗതാഗത വകുപ്പിന്റെ സർവീസുകൾക്ക് പ്രസക്തിയേറുന്നത്.  


           കുടി വെള്ളത്തിനു പോലും അധിക തുക ഈടാക്കുന്ന കത്തിബോട്ടുകളും, ആയിരങ്ങളും, പതിനായിരങ്ങളും മുടക്കി യാത്രക്ക് സ്വന്തമാക്കുന്ന ഹൗസ് ബോട്ടുകളും, ഒരു പരുധിക്കപ്പുറം സഞ്ചരിക്കാതെ പുന്നമടക്കായലിലും, വട്ടക്കായലിലും വട്ടം കറങ്ങി ആർത്തിച്ചങ്ങലയിൽ കെട്ടിയിടുമ്പോൾ, യാത്രാ ബോട്ടുകൾ താണ്ടുന്ന ദൂരം 32 കീ.മീ. മുതൽ താഴോട്ടാണ്. ആലപ്പുഴ ചങ്ങനാശ്ശേരി ബോട്ട് യാത്ര 32 കീ.മീ. ദൂരവും, 3 മണിക്കൂറും കഴച്ചകളുടെ മായാ പ്രപഞ്ചമൊരുക്കുന്നു. ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങളും, ടോയലറ്റ് സംവിധാനവും എല്ലാ യാത്രാ ബോട്ടിലും ലഭ്യമാണ്. ആവശ്യമെങ്കിൽ ഭക്ഷണവും, കുടി വെള്ളവും കൂടെക്കരുതാം. ജല ഗതാഗത വകുപ്പിന്റെ എല്ലാ യാത്രാ ബോട്ടുകളിലും എഴുതി പ്രദർശിപ്പി ച്ചിട്ടുള്ള  "സുഖ യാത്ര സുരക്ഷിത യാത്ര" എന്ന വാക്യത്തിനൊടൊപ്പം "സുന്ദര യാത്ര"  എന്നു കൂടി എഴുതി ചേർക്കാൻ തോന്നും ഇത്തരത്തിൽ ഒരു ബോട്ട് യാത്രക്ക് ഒരുങ്ങിയാൽ. 
 
 
        കിഴക്കിന്‍റെ വെനീസിൽ നിന്നുമുള്ള ബോട്ട് യാത്രകൾ ഒരു ഹരമായി മാറിയിരിക്കുകയാണ്. പുന്നമടക്കായലും, വട്ടക്കായലും, മീനാമ്പള്ളിക്കായലും, ചിത്തിരക്കനാലും, കൈനാകരിയും, പമ്പയൊഴുകി വരുന്ന നെടുമുടിക്കായലും താണ്ടി, കാഞ്ഞിരവും, കാവാലവും, കൈനാകരിയും, നെടുമുടിയും, ചമ്പക്കുളവും തന്ന യാത്രാ അനുഭവങ്ങൾ എണ്ണിയാൽ ഒതുങ്ങില്ല. കടന്നു പോയ എല്ലാ  വർഷത്തെയും  പോലെ തന്നെ, ഈ മഴക്കാലവും  ഓർത്തു    വെക്കാൻ  യാത്രകൾ സഹായിച്ചു തന്നതിന്റെ സന്തോഷത്തിലാണ് ഞാനിതെഴുതുന്നത്.

           ആലപ്പുഴയിൽ നിന്നും സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ  ബോട്ടുകളിൽ ചിലതിൽ ചുറ്റി തിരിഞ്ഞു കരക്കെത്തിയിട്ടും,  കുട്ടനാടിനും, കയലോരങ്ങൾക്കും മഴക്കാലം പകർന്നു നൽകുന്ന സൗന്ദര്യവും, ദുഖങ്ങളും,  ദുരിതങ്ങളും കണ്മുൻപിൽ മായാതെ തന്നെ നിൽക്കുന്നു.
 
               
        കനത്ത മഴയിൽ കര കവിഞ്ഞൊഴുകിയ  കുട്ടനാടൻ തുരുത്തുകളുടെ സൗന്ദര്യ മാണോ, ദുരിതങ്ങളാണോ ആദ്യം പങ്കുവെക്കേണ്ടതെന്ന സംശയം ബാക്കി നിൽക്കുന്നു. സമുന്ദ്ര നിരപ്പിൽ നിന്നും 2. മീറ്ററോളം താഴ്ന്ന പ്രദേശമാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്. 


      കായലിലെ ചെളി കുത്തി നിർമ്മിക്കുന്ന ബണ്ടുകളും, ചെളി മടകളും, കോൺക്രീറ്റ് ഭിത്തികളും, ഒരു പരുധി വരെ മാത്രമായിരിക്കും ആർത്തലച്ചു പെയ്യുന്ന മഴയിൽ ഇവിടെ ഒരു സംരക്ഷണം തീർക്കുന്നത്. ഈ മനുഷ്യ നിർമിത സുരക്ഷാ ഭിത്തികൾക്കെന്തു സംഭവിച്ചാലും കുട്ടനാട് സമുന്ദ്ര നിരപ്പിലെത്തും. 



          വെള്ള പാച്ചലിൽ പെട്ട് നശിച്ച കൃഷി ഭൂമികളും, വീടുകളും പറയുന്നത് നഷ്ടങ്ങളുടെയും, ദുരിതങ്ങളുടേയും കഥകൾ മാത്രം. സൗകര്യ കൊടുമുടികളിൽ നിന്നും കിഴക്കൻ വെനീസിലേക്ക് ഒരു മഴക്കാല വിനോദസഞ്ചാര ത്തിനിറങ്ങിയാൽ മനസ്സിൽ തൊടുന്ന കാഴ്ചകൾ പലതും ഉടക്കി നിൽക്കുക കുട്ടനാടൻ പ്രകൃതി സൗന്ദര്യത്തിലാകണമെന്നില്ല, മറിച്ച്, ദുസ്സഹമായ നിത്യ ജീവിതം തള്ളിനീക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ പാചകപ്പുരകളിൽ നിന്നും ഉയരുന്ന പുകച്ചുരുളുകളിലായിരിക്കാം.


  
        മഴക്കാലത്തിന്റെ ഓഫ് സീസൺ സൗജന്യങ്ങൾ എല്ലാം തന്നെ ഇരന്നു വാങ്ങി ഹൗസ് ബോട്ടു കളിലെ ബാൽക്കണികളിൽ മദ്യവും, പുകയും, വറത്തു പൊരിച്ച  മാംസ കഷണങ്ങളുമായി, ആട്ടവും, പാട്ടും, കൂക്കു വിളികളുമായി കായൽ പരപ്പിൽ ചുറ്റിത്തിരിയുന്ന ഏമ്പോക്കികളുടെ വിനോദ സഞ്ചാരങ്ങളി ലേക്ക് ഒന്ന് കണ്ണ് എറിയാൻ പോലും, ക്യാമ്പുകളിലെ കഞ്ഞിയും, പയറും, അച്ചാറും, പപ്പടവും കാത്തിരിക്കുന്നവർ തയ്യാറല്ല. പകരം കാത്തിരിപ്പിന്റെ ഇടവേളകളിൽ ചൂണ്ടയും, വലയും നീട്ടി നിത്യച്ചിലവിനായി കായൽക്കരയിൽ കണ്ണും നട്ടിരിക്കുന്നു. ഈ കാത്തിരിപ്പിന്റെ ഫലങ്ങൾ തന്നെയാണ് ഹൗസ് ബോട്ടുകളിലെ വറത്തു പൊരിച്ച വിഭവങ്ങളിൽ പലതും. വിനോദസഞ്ചാര മേഖലയിലെ വർദ്ധിച്ചു വരുന്ന ജോലി സാധ്യതകളും, മേൽ പറഞ്ഞ ഫല ലാഭങ്ങളും ഉള്ളതുകൊണ്ടു മാത്രമാണ്, ഹൗസ് ബോട്ടുകളിൽ പലതും കത്തിയമർന്ന് കായലിൽതാഴാത്തത്. 

  
         കാലവർഷത്തിൽ മീനച്ചിലാറും, മണിമലയാറും, പമ്പയും മലവെള്ള  പാച്ചി ലായി അറബിക്കടലിലേക്ക് ഒഴുകുമ്പോൾ കാഴ്ചകളുടെ നിറകുടമായ കുട്ട നാടൻ ചിറകൾ നിറഞ്ഞുതുളുമ്പും. കരയും, കായലും ഒന്നിച്ചൊഴുകും.


              
           കൃഷിയിടങ്ങളിലെ ഒരു പുൽനാമ്പു പോലും കാണില്ല ഈ ജല പ്പരപ്പിൽ, ചിറകളിൽ കാഴ്ചക്ക് ഇമ്പമേകുന്ന കേര വൃക്ഷങ്ങളും, ചെറു  മരങ്ങളും, ഉയർന്ന ചെടികളും, പിന്നെ ജല നിരപ്പിനോളം മുങ്ങിയ വീടു കളും, ചെളി മടകൾക്കു മുകളിൽ ചാക്കുകൾ നിരത്തിയ നടവഴികളും മാത്രം ഉയർന്നു നിൽക്കും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഈ ജല വിതാനത്തിൽ. ചിറകളോട് ചേർത്തു കെട്ടിയ പലവിധ വള്ളങ്ങളും, ബോട്ടു കളും, പണിയില്ലാതെ കിടക്കുന്ന ഹൗസ് ബോട്ടുകളുമാണ് പലയിടത്തും സുരക്ഷിത കേന്ദ്രങ്ങളായി തോന്നുക.

     
           കായലിൽ നിന്നും കുത്തിയെടുക്കുന്ന ചെളിയും, പുല്ലും ചേർത്ത് ഉയർത്തി ക്കെട്ടിയെടുക്കുന്ന മടകളിൽ എവിടെ യെങ്കിലും ഒരു ചെറു വിള്ളലു ണ്ടായാൽ അവിടം ചാലു കീറിയൊഴു കാനായി, അങ്ങോട്ടൊന്ന് ഓടിയടു ക്കാനുള്ള സമയം പോലും വേണ്ട. എന്നിരുന്നാലും ചില ഇടങ്ങളിൽ ഈ ചെളിക്കോട്ടകൾ കൃഷിയിടങ്ങൾക്കും, വീടുകൾക്കും സംരക്ഷണം നൽകു ന്നുണ്ട്. വീതി കുറഞ്ഞ ഭാഗങ്ങളിലൂടെ ബോട്ടുകൾ വളരെ വേഗത കുറച്ചാണ് പോവുക.



    കാരണം വേഗതയുടെ ഓളങ്ങൾ പുതിയ പല വിള്ളലുകൾക്കും, ചാലുകൾക്കും ആക്കം കൂട്ടാറുണ്ട്. ചില അശ്രദ്ധയുടെ കോലങ്ങൾ, ചിറകളിൽ നിന്നുയരുന്ന കൂക്കു വിളി കളും, ആക്രോശങ്ങളും കേട്ട് ഞെട്ടി ഉണർന്നാൽ മാത്ര മായിരിക്കും  വേഗതക്ക്  കടിഞ്ഞാൺ  ഇടുക.  കനത്ത മഴയുള്ള സമയങ്ങളിൽ  യാത്രാ ബോട്ട് സർവീസുകളിൽ പലതും നിറുത്തി വെക്കാറുണ്ട് എങ്കിലും പൂർണ്ണമായി നിർത്തുവാൻ സാധിക്കുകയില്ല. കാരണം കുട്ട നാടിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും  ജല ഗതാഗതം  മാത്ര മാണ് സാധ്യമാകുക. കുട്ട നാട്ടിലെ ജല ഗതാഗതത്തിന്റെ പ്രസക്തി അറിയണ മെങ്കിൽ നെഹറു ട്രോഫി വള്ളംകളി ദിവസം കായൽ പരപ്പിൽ  ഉണ്ടാകുന്ന ജലഗതാഗത കുരുക്ക് ഒന്നുമാത്രം മതി.  കുട്ടനാട്ടിൽ യാത്രകൾക്ക്   ജലമാർഗ്ഗം തന്നെയാണ് ഏറ്റവും  പ്രായോഗികമായിട്ടുള്ളതും.

 


       മഴക്കാലത്ത് സുരക്ഷിത സ്ഥലങ്ങളിലെ ദുരിതാശ്വാസ ക്യമ്പുകൾ ഒന്ന് ശ്രദ്ധിച്ചാലറിയാം കുട്ടനാടിന്റെ ജനസാന്ദ്രത. ബോട്ട് ജെട്ടികളിൽ കുടുംബാംഗ ങ്ങളെയും, സുഹൃത്തുക്കളെയും കാത്തുനിൽക്കുന്ന ആരുടെയും മുഖത്ത് യതൊരു വിധ ദീന ഭാവങ്ങളുമില്ല. പിറന്ന നാൾ മുതൽ മഴക്കാലത്തിന്റെ തണുപ്പും, കോളും നൽകിയ മനോഥൈര്യം തന്നെ ഏവരുടെയും മുഖ ലക്ഷണം. പലരും ബോട്ടിറങ്ങുന്നത് ആലപ്പുഴ മാർക്കറ്റിൽ നിന്നും വാങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ചുമടുമായാണ്. കാത്തിരിപ്പുകാരും ചേർന്ന് ചുമടുമായി നീങ്ങുമ്പോൾ ബോട്ടിലെ മറ്റു യാത്രക്കാരോട് ഒരു നല്ലകാലം ആശംസിക്കുന്ന ചെറുപുഞ്ചിരിയെങ്കിലും നൽകാത്ത ആരും തന്നെ അവിടെയില്ല. ചിറകളിൽ മണ്ണു കാണിന്നിടത്തെല്ലാം വളർത്തു മൃഗങ്ങൾക്കു പൂർണ്ണ സ്വതന്ത്ര്യം നൽകിയിരിക്കുകയാണ് കുട്ടനാട്ടുകാർ. 
                 
          
        കായൽ പരപ്പിൽ ചില ഇടങ്ങളിൽ കാണുന്ന ചുവപ്പു  നിറം വെള്ള പൊക്കത്തിൽ നിന്നും വിട്ടു നിൽക്കും. മഴക്കാലം കഴിഞ്ഞാലുടൻ കെട്ടി പ്പൊക്കാൻ തിരക്ക് കൂട്ടുന്ന റിസോട്ടുകൾക്ക് നിൽക്കാൻ ഉള്ള ഇടമാണിത്. കോൺക്രീറ്റ് ഭിത്തികൾ കെട്ടി കിഴക്കൻ മണ്ണിട്ടു നിറച്ച ചെറു മൈതാനങ്ങളിൽ, ആയുർവേദവും, പ്രകൃതി ചികിത്സയും, സുഖവാസ തെറാപ്പികളും കുത്തി നിറച്ച് ഒരുങ്ങാൻ  പോകുന്ന കുട്ടനാടൻ കച്ചവട റിസോട്ടുകൾക്ക് അടിത്തറ ഇടുന്നതുവരെ, കുട്ടികൾക്കായി ഒരു കളി സ്ഥലവും, നാൽക്കാലികൾക്കൊരു അഭയ സ്ഥാനവുമാണ്.  ഈ ചുവപ്പു നിറം കുട്ടനാടൻ നിറങ്ങളിൽ ചേരാതെ നിൽക്കും.
 
       
          ഇപ്പോൾ പച്ച പിടിച്ചു, തെങ്ങുകളും, മരങ്ങളും, പൂച്ചെടികളും പേറി സുന്ദരന്മാരായി തല ഉയർത്തി നിൽക്കുന്ന പല റിസോട്ടുകളും,3-4 വർഷം മുൻപു വരെ മേല്പറഞ്ഞ ചുവന്ന നിറത്തിലുള്ള പരു പരുത്ത കര പൊക്ക ങ്ങളായിരുന്നു. വർഷക്കാലം മുഴുവനൊതുക്കാൻ  പാകത്തിൽ പ്രകൃതി യൊരുക്കിയ കുട്ടനാടൻ പാത്രത്തിന്റെ ഉള്ളളവു കുറക്കാൻ ഇത്തരം റിസോട്ടുകൾക്ക് ആവുന്നുണ്ട്.  എത്ര കണ്ട്  വെള്ള പൂശി മിനുക്കിയാലും മനസ്സിലാകുന്ന ഇവരുടെ പ്രായം, മാറി, മാറി വരുന്ന ഗവണ്മെനന്റുകൾ, പ്രകൃതി വിരുദ്ധ നടപടികൾക്കു നൽകി വരുന്ന മൗന സമ്മതം വായിച്ചറിയാനുപകരിക്കും.

 
         
         ഈ മഴക്കാലത്ത് ജൂൺ പകുതിക്കുശേഷം കിഴക്കിന്റെ വെനീസിൽ നടത്തിയ മൂന്ന് ബോട്ട് യാത്രകളാണ് ഇത്തരത്തിൽ എന്നെ എഴുതാൻ പ്രേരിപ്പിച്ചത്.  
            ആദ്യ ബോട്ട് യാത്ര വളരെ അവിചാരിതമായി സംഭവിച്ച ഒന്നാണ്. മറ്റോരു ആവശ്യത്തിനായി ആലപ്പുഴയിൽ എത്തിയതാണ്, കാര്യസാദ്ധ്യം വളരെ നേരത്തെയായപ്പോൾ, വർഷങ്ങൾക്കു മുൻപ് നെഹറു ട്രോഫി വള്ളംകളി കാണാൻ വന്നപ്പോൾ തോന്നിയ ഒരാഗ്രഹം സാധിച്ചേക്കാമെന്നു കരുതി, ജെട്ടിയിൽ വന്ന് ഏറ്റവും ദൂരേക്കുള്ള യാത്ര ഏതെന്ന് തിരക്കി. കിട്ടിയ അരമണിക്കൂർ സമയം കൊണ്ട് എന്റെ ജ്യേഷ്ടന്റെ മകനുമായി ഉച്ചഭക്ഷണം കഴിച്ച്, ചങ്ങനാശ്ശേരി ബോട്ടിലെ  ഏറ്റവും കാഴ്ച കിട്ടുന്ന സീറ്റ് തന്നെ പിടിച്ചു.

     
        പതിനൊന്ന് (Rs.11/-) രൂപയുടെ ടിക്കറ്റും എടുത്ത് പുന്നമട കായലും, വട്ടക്കായലും, താണ്ടി കാവാലം വഴി  ചങ്ങനാശ്ശേരി വരെ എത്താൻ ആകെ മൂന്നര മണിക്കൂർ സമയം എടുത്തു. ജീവിതത്തിൽ ഇത്തരമൊരു അനുഭവം ആദ്യമായിരുന്നു. മൂന്നര (3.30 hrs) മണിക്കൂർ സമയത്തെ വിസ്മയക്കാഴ്ചകൾ ഒരിക്കലെങ്കിലും നേരിട്ടനുഭവിച്ചറിയേണ്ട ഒന്നാണ്.


                
         കാവാലത്ത് ചമ്പക്കുളം വള്ളം കളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടേയും, ചുരുട്ടു കുത്തി വള്ളങ്ങളുടേയും, മറ്റും പരിശീലന മത്സരങ്ങൾ ഞങ്ങൾക്ക് ബോണസ്സായി കിട്ടിയ ഒരു കാഴ്ചയാണ്. ബോട്ടിലെ സഹ യാത്രികരിൽ നിന്നും, ജീവന ക്കാരിൽ നിന്നുമാണ് കിഴക്കൻ വെനീ സിലെ യാത്രാ ബോട്ടുകളെ കുറിച്ച് കൂടുതൽ അറിഞ്ഞത്. കാണാക്കാഴ്ചകളും, കുട്ടനാടൻ വിശേഷങ്ങളും എന്റെ പ്രിയ സുഹൃത്തുക്കൾക്കായി കൂടി പങ്കു വെക്കണമെന്ന ആഗ്രഹം, ആദ്യയാത്ര അവസാനിക്കുന്നതിനു മുൻപു തന്നെ അവരുമായി സംസാരിച്ച് അടുത്ത യാത്രയുടെ തിയതി ഉറപ്പിച്ചു.

        രണ്ടാമത് യാത്ര ആലപ്പുഴ നിന്നും കോട്ടയത്തേക്കയിരുന്നു. കോട്ടയത്തിനു മുൻപ് കാഞ്ഞിരം ജെട്ടിയിൽ അവസാനിക്കുന്ന 2 മണിക്കൂർ യാത്രക്ക് Rs.9/- രൂപയാണ് കൂലി. 



                 
               കെ. എസ്. ആർ .ടി സി സ്റ്റാന്റിൽ നിന്നും ബോട്ട് ജെട്ടി വരെയുള്ള 150 മീറ്റർ ദൂരത്തിന് ഇടയിൽ പത്തു പതിനഞ്ച് പ്രൈവറ്റ്  ഹൗസ് ബോട്ട്  ജീവനക്കാരെങ്കിലും  ഞങ്ങൾ ഏഴംഗ സംഘത്തെ സമീപിച്ചിരിന്നു. 100/- രൂപ മുതൽ 500/- രൂപ വരെയാണ് ആളൊന്നിന് ഒരു മണിക്കൂർ സമയത്തേക്കുള്ള ചാർജ്. ഹൗസ് ബോട്ടുകൾക്ക് ഇതിന്റെ 2-3 ഇരട്ടിയോളം വരും. ഓഫറുകൾ പലുതുമായി ഞങ്ങൾക്ക് പിന്നാലെ കൂടിയവരോട്, ആകെ 11/- രൂപക്ക് ചങ്ങനാശ്ശേരി വരെ യാത്ര ക്കൊരുങ്ങിയാണ് വരവെന്നു പറഞ്ഞപ്പോൾ പലരും ചെറു ചിരിയോടെ പിന്മാറി. 




        യാത്രാ ബോട്ടിലെ തിരിക്കിനെ  വലുതാക്കി കാണിച്ച്, ചില കടുത്ത സ്വകാര്യ വൽക്കരണ വാദികൾ ശ്രമം തുടർന്നു കൊണ്ടിരിന്നു.  എന്റെ ആദ്യ യാത്രയുടെ വിജയാനുഭവങ്ങൾക്കു മുൻപിൽ അവരാരും അധികം പിടിച്ചു നിന്നില്ല. കാഞ്ഞിരം ബോട്ട് പകുതി ദൂരം ചങ്ങനശ്ശേരി റൂട്ടിൽ തന്നെയാണ് യാത്ര. അതു കഴിഞ്ഞാൽ ചിത്തിര കനാലിലൂടെ നേരെ കാഞ്ഞിരത്തേക്ക് .
 

    പോയ ബോട്ടിൽ തന്നെ ആലപ്പുഴക്കു മടങ്ങാനുള്ള, രണ്ടര മണിക്കൂർ താമസമുണ്ടെന്ന് ബോട്ട് ജീവനക്കാർ അറിയിച്ചപ്പോൾ  കാഞ്ഞിരത്തു നിന്നും ഇല്ലിക്കൽ കവലയിൽ എത്തി ഉച്ച ഭക്ഷണവും കഴിച്ച ഞങ്ങൾ കുമരക ത്തേക്ക് ബസ് കയറി. കുമരകത്തു നിന്നും മുഹമ്മയിലേക്കു കൂടി ഒരു ബോട്ട് യാത്ര. വെറും അഞ്ചുരൂപക്ക് പാതിരാമണൽ തുരുത്തും കണ്ട്, വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതികൂടിയ ഓളപ്പരപ്പും കടന്ന് 50 മിനിട്ടു കൊണ്ട് മുഹമ്മയിലെത്തി, അവിടെ നിന്നും ബസ് മാർഗ്ഗം വീട്ടിലേക്കും. 

    ജല ഗതാഗത വകുപ്പിന്റെ യാത്രാ വഴികളിൽ മറ്റോന്നു കൂടി കണ്ടുവരാനുള്ള ആഗ്രഹം അപ്പൊഴും ബാക്കിനിന്നു. ആലപ്പുഴ എടത്വാ യാത്ര കൂടി പൂർത്തിയാക്കാനായി ഞങ്ങൾ ആറംഗ സഘം തൊട്ടടുത്ത ഞായറാഴ്ച തന്നെ ആലപ്പുഴയിലെത്തി. 



           
             ചേർത്തല മുതൽ ഉണ്ടാ യിരുന്ന കനത്ത മഴ ബസ് സ്റ്റാന്റിൽ നിന്നും ബോട്ട് ജെട്ടി വരെയുള്ള ഞങ്ങളുടെ നടപ്പിനിടയിൽ ഒന്നു മാറി നിന്നു. പതിവു പോലെ തന്നെ സ്വകാര്യ സർവീസു കാർ പലവിധ  ഓഫറുകളു മായി ഞങ്ങളെ കൈകാര്യം ചെയ്യാനെത്തി. അന്നുമുഴുവൻ നീണ്ടു നിന്ന കനത്ത മഴയാകണം പലരിലും അധികം ഊർജ്ജം കണ്ടില്ല. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് യാത്രാബോട്ടുകളുടെ മഹിമയെക്കുറിച്ച് അവരോടധികം തർക്കി ക്കാനും കഴിഞ്ഞില്ല. ഉച്ച കഴിഞ്ഞ് 1:50-നു തുടങ്ങിയ യാത്ര പുന്നമടക്കായലും, മീനാപ്പള്ളിക്കായലും കണ്ടറിഞ്ഞ് കൈനാകരിയും, നെടുമുടിയും, പുളിങ്കുന്നും, 

                
           ചമ്പക്കുളം കായലും കടന്ന് എടത്വക്ക് മുൻപായി കണ്ടം കരി ആശ്രമം വരെ നീണ്ടു. തിരിച്ചു അതേ ബോട്ടിനു തന്നെ മടക്ക യാത്രയും തര പ്പെട്ടു. ഒരു ദിക്കിലേക്ക്. 13/- രൂപ മാത്രമാണ് യാത്രാ ക്കൂലി, അതായത് നാലര - അഞ്ചു മണിക്കൂർ നീളുന്ന ബോട്ട് യാത്രക്ക് 26/- രൂപ. യഥാർത്ഥത്തിൽ ഞങ്ങളെ കുട്ടനാടിനോട് കൂടതൽ അടു പ്പിച്ചത്   ഈ  യാത്രയാണ്.  


                   മഴമേഘങ്ങൾ മൂടിയ കറുത്തിരുണ്ട പ്രകൃതിയും, കാറ്റും, കോളും, വലിയ തുള്ളികളായി പെയ്യുന്ന മഴയിൽ, അതിനിടയിൽ കായൽപ്പരപ്പിലൂടെ ഒരു സുരക്ഷിത നൗകയിൽ ചിലവിട്ട നാലര മണിക്കൂർ സമയം, ജീവിതത്തിൽ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത  അനുഭവങ്ങളാണ് ഞങ്ങൾക്ക് തന്നത്. അറിവില്ലായ്മകളുടെയും, കാഴ്ചപ്പാടുകളുടെയും മൂടുപടം  നനൊഞ്ഞൊഴു കിപ്പോയി   വെനീസിലൂടെയുള്ള  ഈ  ബോട്ട്  യാത്രകളിൽ.



             ചമ്പക്കുളം യാത്ര കഴിഞ്ഞ് ആലപ്പുഴ ജെട്ടിയിലേക്ക് എത്തുന്നതിന് മീറ്ററുകൾ മാത്രം ദൂരം, മുൻപുണ്ടായ ഒരു തിരിച്ചറിവു കൂടി പങ്കുവെക്കട്ടെ. ഞങ്ങൾ സഞ്ചരിച്ച ബോട്ട് ഡീസൽ നിറക്കാൻ നിറുത്തിയതാണ് ഇതിനിടയാക്കിയത്. 


               
             ഒരു ദിവസത്തെ യാത്രക്കായി 130 ലിറ്റർ ഡിസലാണ് ബോട്ടിൽ നിറച്ചത്. ഇതു കണ്ടപ്പോൾ മാത്രമാണ് ഞങ്ങൾ സഞ്ചരിച്ച യാത്രാ ബോട്ടിന്റെ ഒരു ദിവസത്തെ ചിലവുകളെക്കുറിച്ചൊരു അന്വേഷണത്തിന് തയ്യാറായത്. 130 ലിറ്റർ ഡീസൽ, 5 ജീവനക്കാർ, മറ്റു ചിലവുകളും ചേർത്ത് ഒരു ദിവസം ഏകദേശം Rs. 9000/- രൂപയിൽ കൂടു തലാകും. യാത്രക്കാരിൽ നിന്നും പിരി യുന്നത് 4000/- രൂപയിൽ താഴെ മാത്രം. ഒരു ദിവസം 5000/-രൂപയിൽ കൂടുതൽ നഷ്ടത്തിലാണ് ബോട്ട്  സർവീസുകൾ എല്ലാം തന്നെ  നടത്തിക്കൊണ്ടിരിക്കുന്നത്. 


         ഇത്തരത്തിൽ എല്ലാ ദിവസവും 12-ൽ കൂടുതൽ സർവീസുകളാണ് ജല ഗതാഗത വകുപ്പ് ആലപ്പുഴയിൽ നിന്നും നിത്യവും നടത്തുന്നത്.  ചിലവുകളുടെ പട്ടിക ഇനിയുമുണ്ട്, ബോട്ട് നിർമ്മാ ണത്തിനായി ചിലവിടുന്ന കോടികൾ കൂടി ഉൾപ്പെടുത്തിയാൽ കുട്ടനാടൻ തുരുത്തുകളെയും, മറ്റു സ്ഥലങ്ങളെ യും ബന്ധിപ്പിച്ച് കേരള സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തുന്ന സേവനം വിലമതിക്കാനാവാത്ത ഒന്നു തന്നെ യാണ്. മാറി മാറി വരുന്ന ഏതൊരു ഗവണ്മെറ്റ്നും നേതൃത്വം നൽകുന്ന ജനോപകാര പ്രദമായ  ഇത്തരം കാര്യങ്ങൾ പരമാവധി ഉപയോഗ പ്പെടുത്തേണ്ടത് ഏതൊരു മലയാളിയുടെയും കടമ കൂടിയാണെന്നുള്ള തിരിച്ച റിവാണ് എന്നെ ഈ എഴുത്തിനു  പ്രേരിപ്പിച്ചത്. 

        ഇനിക്കുറച്ച് കേട്ടറിവുകൾ കൂടി പങ്കുവെക്കട്ടെ..... രജാഭരണ കാലത്ത് കാവാലം ദേശത്ത് ജീവിച്ചിരുന്ന മുരിക്കൻ ജോസഫ് എന്ന കായൽ രാജാവിനെക്കുറിച്ചാണ് പറയാനുള്ളത്. രണ്ടാം ലോകമാഹായുദ്ധത്തിനു ശേഷമുണ്ടായ കടുത്ത ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ശ്രീ. ചിത്തിര തിരുന്നാൾ മാഹാരാജാവു നടത്തിയ പ്രവർത്തനങ്ങളിൽ പങ്കാളിയായി 2000 ഏക്കറോളം കായൽ നികത്തി കൃഷിഭൂമിയാക്കിയാണ് ജോസഫ് മുരിക്കൻ എന്ന കർഷക ശ്രീ കായാൽ രാജാവെന്ന പേരു സമ്പാദിച്ചത്. അക്കാലത്ത് മനുഷ്യന്റെ അദ്ധ്വാനമല്ലാതെ ആകെ ഉണ്ടായിരുന്ന യന്ത്ര സഹായം, ബ്രിട്ടീഷുകാർ കയ്യഴിഞ്ഞു സഹായിച്ച ആവിയന്ത്രങ്ങൾ മാത്രമാണ്. വിറകും, കൽക്കരിയും കത്തിച്ച് ആവിയിൽ പ്രവർത്തിച്ചിരുന്ന വലിയ പമ്പുകൾ പോലും എത്രയോ പെരുടെ കടിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഓടിക്കൊണ്ടിരുന്നത്. വലിയ ചിറകൾ കെട്ടി, കായൽ വെള്ളം വറ്റിച്ച്, ചെളിയും, മണ്ണുമിട്ട് നികത്തിയാണ് അക്കാലത്ത് കൃഷിഭൂമികൾ തയ്യാറാക്കിയിരുന്നത്. ഇന്ന് മേല്പറഞ്ഞ കൃഷി ഭൂമികൾ പലതും ചിറകൾ തകർന്ന് അപ്രത്യക്ഷമായെങ്കിലും, കായൽ രാജാവ് കുട്ടനാട്ടിലെ കർഷകർക്ക് നൽകിയ സംഭാവനകൾ തങ്കലിപികളാൽ  രേഖ പ്പെടുത്തേണ്ടതു തന്നെയാണ്. കുട്ടനാടിന്റെ മുഖഛായ തന്നെ മാറ്റിയ ഈ കൃഷിസ്ഥലങ്ങൾ കായൽ രാജാവിന്റെ അധീനതയിൽ നിന്നും വിട്ടത് 1970- കളിലെ കാർഷിക സമരങ്ങളിലൂടെയാണ്. ഗവണ്മെന്റ് ഏറ്റെടുത്ത ഈ കൃഷിനിലങ്ങളിൽ നിന്നും അധികകാലം വിളവെടുപ്പ് നീണ്ടു നിന്നില്ല, തുടർന്ന് എഴുപതുകളുടെ അവസാനം ഭൂരെഹിതരായ കർഷകർക്ക് ഈ കൃഷിഭൂമി വീതിച്ചു നൽകി.     1940-കളിൽ മനുഷ്യാദ്ധ്വാനവും, കൃഷിക്കായി മുതൽ മുടക്കാൻ യാതൊരുവിധ മടിയും കാണിക്കാത്ത ഭരണ വ്യവസ്ഥയും ചേർന്ന് കെട്ടിപ്പടുത്ത കൃഷി നിലങ്ങളെക്കുറിച്ചു പറയുമ്പോൾ, അന്നത്തെ സാങ്കേതിക വിദ്ധ്യകൾ കൂടി കണക്കിലെടുത്താൽ, കുട്ടനാടിനെ കേരളത്തിന്റെ നെല്ലറ യാക്കി മാറ്റിയ മഹാന്മാരെ നമിക്കാതെ വയ്യ. 


       ഇനി കുട്ടനാടൻ യാത്രകൾക്ക് കുറച്ചവധി നൽകുകയാണ്. മഴക്കാലക്കെടുതികളും, നെഹ്രു ട്രോഫി വള്ളംകളിയുടെയും, മറ്റു ജലോ ത്സവങ്ങളുടെയും തിരക്കുകളും കഴിഞ്ഞ്,,,, വിതയും, കൊയ്തും, ഓണാ ഘോഷങ്ങളുമായി കുട്ടനാട് പച്ചപുതച്ച് സുന്ദരമാകുന്നതും കാത്തിരിക്കു കയാണ് അടുത്ത യാത്രക്കൊരുങ്ങാൻ.

ഗീവര്‍ഗീസ്‌ ഫ്രാൻസീസ്
Gheevarghese Francis
tfgheevarghese photography











3 comments:

  1. അർത്ഥവത്തായ.കാര്യങ്ങൾ.എനിക്കിഷ്ടമായി.

    ReplyDelete
  2. ഇങ്ങിനെ ഒരു ബ്ലോഗുണ്ടെന്നു നേരത്തെ പറയാഞ്ഞതെന്തേ ! വളരെ നന്നായിട്ടുണ്ട്.
    ഇനി യെന്നാ കൊണ്ടയൂരിനെ പറ്റി എഴുതണത്. മലയാളം ഫോണ്ട് ശരിയായി റെന്ണ്ടർ ചെയ്യണില്ലാലോ ?

    ReplyDelete